സംസ്ഥാനം കൊടും ചൂടില്‍; രാത്രികാലത്ത് മൂന്നാര്‍ സമ്മാനിക്കുന്ന കുളിര് സഞ്ചാരികള്‍ക്ക് ആശ്വാസം

അടിമാലി: ഗ്രാമ നഗര വ്യത്യാസമില്ലാതെ സംസ്ഥാനം കൊടും ചൂടില്‍ ഉരുകുകയാണ്. ഇടുക്കിയുടെ മലയോര മേഖലകളിലടക്കം പകലും രാത്രിയും ഒരേ പോലെ ചൂട് അനുഭവപ്പെടുന്ന സ്ഥിതിയുണ്ട്. എന്നാല്‍ ചുട്ടുപൊള്ളുന്ന പകല്‍ ചൂടിന് ആശ്വാസം തേടി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മൂന്നാര്‍ നല്കുന്ന രാത്രികാല കുളിര് സഞ്ചാരികളെ സന്തോഷിപ്പിക്കുന്നതാണ്. മൂന്നാറിലും പകല്‍ ചൂട് കഠിനം തന്നെ.
30 ഡിഗ്രി വരെ മൂന്നാറിലും പകല്‍ ചൂട് ഉയരുന്ന സ്ഥിതിയുണ്ട്. എന്നാല്‍ രാത്രികാലത്ത് മൂന്നാറില്‍ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന സ്ഥിതിയുണ്ട്. കേരളമാകെ ചുട്ടുപൊള്ളുമ്പോള്‍ മൂന്നാര്‍ നല്കുന്ന രാത്രി കുളിര് സഞ്ചാരികള്‍ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. മൂന്നാറിലെ കാഴ്ച്ചകള്‍ കാണുന്നതിലും ഉപരി രാത്രികാലത്തൊരല്പ്പം കുളിരാസ്വദിക്കാനും സ്വസ്ഥമായൊന്നുറങ്ങാനുമായിട്ടാണ് സഞ്ചാരികള്‍ അധികവും ഇപ്പോള്‍ മലയറിയെത്തുന്നത്.
മൂന്നാറിന്റെ സമീപമേഖലകളായ ചിന്നക്കനാലിലടക്കം രാത്രികാലത്ത് താപനില താഴുന്ന സ്ഥിതിയുണ്ട്. 15 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ രാത്രിയില്‍ ചിന്നക്കനാലിലെ രാത്രികാല താപനില. മധ്യവേനല്‍ അവധിയാരംഭിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥിതിയുണ്ട്. വിഷു ആഘോഷം കഴിയുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും മൂന്നാറില്‍ തിരക്ക് വര്‍ധിച്ചേക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ.



