CrimeKeralaLatest News

ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നു ; കേസെടുത്ത് പമ്പ പൊലീസ്


ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിൻ്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന് നിർദേശം നൽകി. അന്തരീക്ഷം മേഘാവൃതമായപ്പോൾ താഴ്ന്നു പറന്നതാണെന്നാണ് കോസ്റ്റ് ഗാർഡിൻ്റെ വിശദീകരണം. സംഭവത്തിൽ പമ്പ പൊലീസ് കേസ് എടുത്തു.

നിലയ്ക്കലും പമ്പയും ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശവും അതീവ സുരക്ഷാ മേഖലയാണ്. മുമ്പൊരിക്കലും ഏതെങ്കിലും ഒരു സേന അനുമതി കൂടാതെ വ്യോമനിരീക്ഷണം ഇവിടങ്ങളിൽ നടത്തിയിട്ടില്ല. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്ത് വേഗത കുറച്ചായിരുന്നു ഹെലികോപ്റ്ററിന്റെ സഞ്ചാരം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശബരിമല ശ്രീകോവിലിന്‍റെ ഉൾപ്പെടെ ചിത്രം പകർത്തിയതായി സംശയമുണ്ട്.

ഹെലികോപ്റ്റർ സഞ്ചരിച്ചതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ ചിത്രീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിനോട് റിപ്പോർട്ട് തേടി. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഏതെങ്കിലും നിരീക്ഷണത്തിന്റെ ഭാഗമായി ശബരിമലയ്ക്ക് മുകളിലൂടെ പറന്നതല്ല എന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്റ്റ് ഗാർഡ് പറയുന്നു. റഡാർ സംവിധാനത്തിലൂടെ സഞ്ചരിക്കുന്ന ഹെലികോപ്റ്റർ അല്ലെന്നും ജിപിഎസ് മുഖേനയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

അതേസമയം, സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നത് അതീവ ഗൗരവതരമായ വിഷയമാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിൽ അനുമതി ഇല്ലാതെ കടന്നുകയറി പരിഭ്രാന്തി ഉണ്ടാക്കി എന്നാരോപിച്ചാണ് പമ്പ പൊലീസ് കേസെടുത്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!