ആംബുലൻസ് മുഖ്യമന്ത്രിയുടെ അകമ്പടിക്ക് പോയി : പനി ബാധിച്ച യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു.

അടിമാലി താലൂക്ക് ആശുപത്രിയിൽ ആംബുലൻസിന്റെ സേവനം കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ ആദിവാസി യുവാവ് മരണപ്പെട്ടു. മാങ്കുളം പഞ്ചായത്തിലെ ചിക്കണംകൂടി ഉന്നതിയിലെ നങ്കൻ എന്ന യുവാവാണ് മരണപ്പെട്ടത്. നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ആംബുലൻസ് മുഖ്യമന്ത്രിയുടെ അകമ്പടിയ്ക്ക് പോയതാണ് രോഗിയെ കൃത്യസമയത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നത്.

ഏറെ വൈകി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ രണ്ടു മണിയോടെ യുവാവ് മരണപ്പെടുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ രോഗിയെ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നിർദേശിച്ചു.
എന്നാൽ സമയത്ത് ആംബുലൻസ് ലഭിക്കാതെ വന്നതോടെ നാലര മണിക്കൂർ താമസിച്ചാണ് ഇവിടെ നിന്നും പോകാൻ കഴിഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി എത്തുമ്പോൾ രാത്രി പത്തര കഴിഞ്ഞു. അപ്പോഴേയ്ക്കും രക്തത്തിലെ കൗണ്ട് കുറഞ്ഞ് രോഗി അവശ നിലയിലായിരുന്നു. ബുധൻ പുലർച്ചെ യുവാവ് മരിണപ്പെട്ടു. കൃത്യസമയത്ത് രോഗിയെ മെഡിക്കൽ കോളേജിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷീക്കാമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ആംബുലൻസ് മുഖ്യമന്ത്രിയുടെ അകമ്പടിക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോയതായി ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്. സംഭവമായി ബന്ധപ്പെട്ട ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എ കെ എസ് സംസ്ഥാന കമ്മിറ്റി അംഗം എം ആർ ദീപു പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ രോഗികൾക്കായി മൂന്ന് ആംബുലൻസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ട് ആംബുലൻസിൽ ഡ്രൈവർമാരെ നിയമിക്കാത്ത മൂലം വെറുതെ കിടക്കുകയാണ്. നിവിൻ ഉണ്ടായിരുന്ന ആംബുലൻസ് ആണ് മുഖ്യമന്ത്രിക്കായി നിയോഗിച്ച പ്രത്യേക ഡ്യൂട്ടിയുമായി തൊടുപുഴയിലേക്ക് പോയത്.
ഇതോടെ വിവിധ ആദിവാസി ഉന്നതുകളിൽ നിന്നും എത്തുന്ന രോഗികൾക്ക് കൃത്യസമയത്ത് ആംബുലൻസ് സേവനം ലഭിക്കാതെ വരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്നും സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.



