പനി, കുളിര്, ശരീരവേദന, ചുമ, തളർച്ച…; കോവിഡ് രൂപംമാറി വന്നതാണോ? എന്താണ് കേരളത്തിൽ പടരുന്ന ‘വൈറൽ’ രോഗം? ‘പ്രായമായവരും പ്രമേഹ ബാധിതരും ശ്രദ്ധിക്കണം’

നിന്നനിൽപിൽ ഒരു കുളിരാണ്. പിന്നാലെ ശരീരമാകെ തളർച്ച. തൊണ്ടയിലൊരു പിടിത്തം, ദേഹമാസകലം വേദന. ആശുപത്രിയിലെത്തുമ്പോൾ 101 ഡിഗ്രിക്കും മുകളിൽ പനി! മരുന്നു കഴിച്ച് എങ്ങനെയെങ്കിലും ഈ രോഗം മാറ്റിയെന്നു വയ്ക്കുക. തൊട്ടുപിന്നാലെ വീട്ടിലെ അടുത്തയാൾക്ക് ഇതേ ലക്ഷണങ്ങളോടെ അസുഖം വരും. ഓഫിസിലും ഇതുതന്നെ സംഭവിക്കുന്നു! കേരളത്തെയാകെ ഇതുപോലെ വരിഞ്ഞുമുറുക്കിയ അസുഖം ഇതിനു മുൻപ് കോവിഡ് ആയിരുന്നു. സമാനമായ രോഗമാണോ പുതിയ ലക്ഷണങ്ങളോടെ രംഗത്തിറങ്ങിയിരിക്കുന്നത്? എന്താണ് കേരളത്തെയാകെ പനിച്ചൂടിലാക്കിയ പുതിയ രോഗാവസ്ഥ? ഇൻഫ്ലുവൻസ എ, എച്ച്1 എൻ1, എച്ച്3 എൻ2 എന്നിവയാണോ കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിലെ കൺസൽട്ടന്റ് ഫിസിഷ്യനായ ഡോ. സ്മിത ബാഹുലേയൻ വിശദമായി സംസാരിക്കുന്നു
ഇൻഫ്ലുവൻസ വൈറസ് തന്നെ ‘എ’ യും ‘ബി’ യും ഉണ്ട്. അതിൽ ‘എ’ വൈറസാണ് ഇപ്പോൾ കൂടുതലായി പകർച്ചപ്പനിക്ക് കാരണമായിക്കൊണ്ടിരിക്കുന്നത്. ‘ഇൻഫ്ലുവൻസ എ’ വൈറസിനു തന്നെ എച്ച്1എൻ1, എച്ച്3എൻ2 എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്. ഈ വൈറസുകളുടെ ശരീരോപരിതലത്തിലെ രണ്ട് പ്രോട്ടീനുകളുടെ വ്യത്യാസം കാരണമാണ് അങ്ങനെ നമ്പർ കൊടുത്തിരിക്കുന്നത്. ഇവ രണ്ടിന്റെയും ലക്ഷണങ്ങൾ പക്ഷേ ഏകദേശം ഒരുപോലെയാണ്.
ജനിതകമാറ്റം എടുത്തുപറയേണ്ട ഒന്നാണ്. ഈ വൈറസിന് ഇടയ്ക്കിടയ്ക്ക് ജനിതക പരിവർത്തനം (മ്യൂട്ടേഷൻ) സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഒരു പ്രാവശ്യം ഇൻഫ്ലുവൻസ വാക്സീൻ എടുത്തയാൾക്ക് അടുത്ത പ്രാവശ്യം ഇൻഫ്ലുവൻസ വരില്ലെന്ന് ഉറപ്പിക്കാനാകില്ല. പക്ഷേ വർഷംതോറും എടുക്കാവുന്ന ഇൻഫ്ലുവൻസ വാക്സീൻ എല്ലാവരും എടുക്കേണ്ടതാണ്. പ്രത്യേകിച്ച് 65 വയസ്സിന് മുകളിലുള്ളവരും പ്രമേഹം ഉള്ളവരും കുട്ടികളും.
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനിയാണ് ഇൻഫ്ലുവൻസ എയുടെയും വകഭേദങ്ങളുടെയും പ്രധാന ലക്ഷണം. ഹൈഗ്രേഡ് ഫീവർ അഥവാ പെട്ടെന്നുണ്ടാകുന്ന ഉയർന്ന ടെംപറേച്ചർ, ശരീരവേദന, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, അമിതമായ ക്ഷീണം, തളർച്ച എന്നിവയും ലക്ഷണങ്ങളാണ്. കുട്ടികളിൽ ഛർദ്ദിയും വയറിളക്കവും വരെ വരാം. പ്രായമേറിയവർക്കും ശ്വാസകോശസംബന്ധമായ അസുഖമുള്ളവർക്കുമാണ് ഇത് കൂടുതൽ പ്രശ്നമുണ്ടാക്കുന്നത്. ചിലപ്പോൾ ശ്വാസംമുട്ടലും കഫക്കെട്ടലും ഉണ്ടായേക്കാം..
ശക്തമായ പനിയാണെങ്കിൽ പാരസെറ്റമോൾ കഴിച്ച് വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ ചികിത്സകൾ നടത്തിയാൽ മതി. അതായത് നന്നായി വെള്ളം കുടിക്കുക, വിശ്രമിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍. എന്നാൽ ഇത് ചെയ്തിട്ടും പനി മാറുന്നില്ലെങ്കിലോ, ശ്വാസംമുട്ടലും ശക്തമായ ചുമയും ഉണ്ടെങ്കിലോ ആശുപത്രിയിൽ പോവുക. ഇങ്ങനെയുള്ളവർക്ക് പേശികളിൽ വേദന (Muscle Pain) ഉണ്ടാകാം, ചിലർക്ക് തലകറക്കം ഉണ്ടാകാം. ഡോക്ടറുടെ നിർദേശപ്രകാരം ഒസെൽട്ടാമിവിർ (Oseltamivir) പോലുള്ള ഫ്ലൂ ടാബ്‌ലറ്റുകൾ എടുക്കാവുന്നതാണ്.
പനി മാറിയാലും ചിലർക്ക് ചുമയും ശരീരവേദനയും ഉണ്ടായേക്കും. അത് സാധാരണയായി 7 ദിവസം വരെയാണ് കാണുക. കൂടുതൽ ദിവസം ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടതാണ്. രക്തപരിശോധന, എക്സറേ, കഫം പരിശോധന എന്നിവ നടത്തണം. ഡോക്ടറുടെ നിർദേശ പ്രകാരം ആന്റിബയോട്ടിക്കുകൾ എടുക്കണം.
പല കാരണങ്ങളുണ്ട്. പനി മാറിയാലും തൊണ്ടയ്ക്ക് ഇൻഫെക്‌ഷൻ ഉണ്ടെങ്കിലോ കഫം ഉണ്ടെങ്കിലോ ചുമ നീണ്ടുനിൽക്കും. ഇൻഫ്ലുവൻസ പനി ബാധിച്ചവർക്ക് നൽകുന്ന മരുന്നുകൾ ഗ്യാസ്ട്രൈറ്റിസ് ഉണ്ടാക്കിയേക്കാം. ഇതു ചുമ മാറാതെ നിൽക്കാൻ കാരണമാകും. ഇതിലേതാണെന്ന് തിരിച്ചറിയുന്നത് രക്തപരിശോധനയിലൂടെയാണ്.
പനി വരുന്നതിന് മുൻപ് മരുന്ന് കഴിക്കേണ്ടതിന്റെ ആവശ്യമില്ല. പക്ഷേ ചില സന്ദർഭങ്ങളിൽ പനി കുറവും ശരീരവേദനയും മറ്റും കൂടുതലായും ഉണ്ടെങ്കിൽ പാരസറ്റമോൾ പോലുള്ള മരുന്ന് കഴിക്കുന്നതിൽ തെറ്റില്ല.
കൊറോണ പോലെത്തന്നെ ഒരു വൈറസ് ആണ് ഇൻഫ്ലുവൻസ. രണ്ടും രണ്ട് വൈറസ് ആണെങ്കിലും ഇവ കാണിക്കുന്ന ലക്ഷണങ്ങൾ ഏകദേശം ഒരുപോലെയായിരിക്കും. ഇൻഫ്ലുവൻസ വരുന്ന 90 ശതമാനം ആളുകൾക്കും ചെറിയ ലക്ഷണങ്ങളാണ് ആദ്യം കാണിക്കുക, പനിയും ചുമയും. അതിനാൽ പ്രത്യേകിച്ച് മരുന്നുകളൊന്നും എടുക്കേണ്ടതില്ല. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തന്നെ വൈറൽ ഇൻഫക്‌ഷനെ നിയന്ത്രിക്കും. വീട്ടിൽ തന്നെ വിശ്രമിച്ചാൽ മാറാവുന്നതേയുള്ളൂ.
കോവിഡ് വന്നപ്പോൾ നമ്മൾ എങ്ങനെയാണ് മുൻകരുതൽ എടുത്തത് അതുപോലെത്തന്നെ ഇപ്പോഴും ചെയ്യണം. അതായത്, മാസ്ക് വയ്ക്കുക, കൈകൾ പതിവായി സോപ്പുപയോഗിച്ച് വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, വീട്ടിലുള്ള ആർക്കെങ്കിലും ഇൻഫ്ലുവൻസ വന്നാൽ അവരുമായി അടുത്തിടപഴകാതിരിക്കുക… ഇങ്ങനെയൊക്കെയാണ് ഇൻഫ്ലുവൻസ പകരുന്നത് തടയാനാവുക. ഒരു കുടുംബത്തിൽ ഒരാൾക്ക് വന്നാൽ എല്ലാവരും മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്



