KeralaLatest NewsLocal news

ഇടുക്കിയും ഉടുമ്പൻചോലയുമടക്കമുള്ള ഇടത് കോട്ടകളും കീഴടക്കി; ഇടുക്കി തൂത്തുവാരി യു.ഡി.എഫ്

ഇടുക്കി: 2026 കേരള നിയമസഭതെരഞ്ഞെടുപ്പിൽ ഇടുക്കി തൂത്തുവാരി ഐക്യ ജനാധിപത്യ മുന്നണി(യു.ഡി.എഫ്). 25 വർഷത്തോളമായി എൽ.ഡി.എഫിന്റെ കുത്തകയായിരുന്ന ഉടുമ്പൻചോലയും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയുമെല്ലാം പിടിച്ചടിക്കിയാണ് യു.ഡി.എഫിന്റെ മുന്നേറ്റം.

2021 തെരഞ്ഞെടുപ്പിൽ തൊടുപുഴ മാത്രം വിജയിക്കാൻ സാധിച്ച യു.ഡി.എഫ് ഇത്തവണ മുഴുവൻ സീറ്റും കൈയ്യടക്കിയാണ് കരുത്ത് തെളിയിച്ചിരിക്കുന്നത്. ഏറെ കാലം ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിന്ന ഒരു മണ്ഡലത്തിൽ പോലും എൽ.ഡി. എഫിന് മുന്നേറ്റമുണ്ടാക്കാനായില്ല.

ഇടുക്കിയിൽ ഇടതുപക്ഷത്തിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചിരിക്കുന്ന ഒരു മണ്ഡലം ഇടുക്കി തന്നെയാണ്. 2001 മുതൽ മന്ത്രി റോഷി അഗസ്റ്റിനെ പിന്തുണച്ച മണ്ഡലം ഇത്തവണ അദ്ദേഹത്തെ കൈവിട്ടു. കഴിഞ്ഞ 25 വർഷം കൂടെ നിന്ന ജനങ്ങൾ ഒരിക്കൽ കൂടി കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വലിയ തോൽവിയാണ് എൽ.ഡി.എഫ് വഴങ്ങിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ റോയ് കെ. പൗലോസിനെയാണ് ഇത്തവണ ഇടുക്കി നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്. റോഷി അഗസ്റ്റിനെ 23822 വോട്ടുകൾക്ക് പിന്തള്ളിയാണ് യു.ഡി.എഫിൻ്റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 60000ത്തിൽ പരം വോട്ട് നേടിയാണ് റോഷി വിജയച്ചിരുന്നെങ്കിൽ ഇത്തവണ 46740 വോട്ടുകൾ മാത്രമാണ് നേടാനായത്.

ഉടുമ്പൻചോലയാണ് യു.ഡി.എഫിന് മറ്റൊരു തിളക്കമേറിയ വിജയം സമ്മാനിച്ചത്. സംസ്ഥാനത്തൊന്നാകെയുള്ള തരംഗത്തിൽ 2001 മുതൽ എൽ.ഡി.എഫിന് പൂർണ പിന്തുണ നൽകിയ മണ്ഡലവും യു.ഡി.എഫിനൊപ്പം നിന്നു. മൂന്ന് തവണ കെ.കെ. ജയചന്ദ്രനും അവസാന രണ്ട് തെരഞ്ഞെടുപ്പിൽ എം.എം. മണിയും എം.എൽ.എ ആയി.
ഇത്തവണ മണിയെ മാറ്റി എൽ.ഡി.എഫ് വീണ്ടും ജയചന്ദ്രനെ പരീക്ഷിച്ചെങ്കിലും തോൽവി വഴങ്ങേണ്ടി വന്നു. അഡ്വ. സേനാപതി വേണുവിനെയാണ് ഇത്തവണ ഉടുമ്പൻചോല വിജയിപ്പിച്ചത്. 20021 ഭൂരിപക്ഷത്തിന് വിജയിച്ചെങ്കിലും കഴിഞ്ഞ തവണ മണി നേടിയ 77381 വോട്ട് നേടാൻ സേനാപതിക്ക് സാധിച്ചില്ല.

പീരുമേടിലും യു.ഡി.എഫ് വലിയ ആധിപത്യം പുലർത്തിയാണ് വിജയിച്ചത്. 69672 വോട്ടും 27634 ലീഡും സ്വന്തമാക്കിയാണ് അഡ്വ. സിറിയക് തോമസിന്റെ വിജയം. സി.പി.എമ്മിന്റെ്റെ കെ. സലിംകുമാറിനെ പിന്തള്ളിയാണ് യു.ഡി.എഫിന്റെ മുന്നേറ്റം.

2021 തെരഞ്ഞെടുപ്പിൽ വാഴൂർ സോമൻ 60141 വോട്ടുകൾ നേടിയാണ് എം.എൽ.എ ആയത്. അതിലേറെ വോട്ടുകൾ പിടിച്ചെടുത്താണ് യു.ഡി.എഫ് 2001ന് ശേഷം മണ്ഡലത്തിൽ നിന്ന് ഒരു എം.എൽ.എയെ അയക്കുന്നത്. നിയമസഭയിലേക്ക്

2006 മുതൽ തങ്ങളുടെ കൈയിലുള്ള തൊടുപുഴയിൽ നില മെച്ചപ്പെടുത്തിയാണ് യു.ഡി.എഫ് ഇത്തവണ വിജയം സ്വന്തമാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അധ്യക്ഷൻ പി.ജെ. ജോസഫിന്റെ മകനായ അപു ജോൺ ജോസഫാണ് മണ്ഡലത്തിലെ പുതിയ എം.എൽ.എ. 84796 വോട്ടുകൾ നേടിയാണ് അപു ജോസഫിന്റെ വിജയം. കേരള കോൺഗ്രസ് എമ്മിൻ്റെ സിറിയാക് ചാഴിക്കാടനെ 44291 വോട്ടുകൾക്ക് പിന്തള്ളിയാണ് ഈ വിജയം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 67495 വോട്ടുകളാണ് പി.ജെ. ജോസഫ് സ്വന്തമാക്കിയിരുന്നത്. ഈ നില മെച്ചപ്പെടുത്തിയാണ് മകൻ സിറ്റിങ് സീറ്റ് നിലനിർത്തിയത്.

എൽ.ഡി.എഫിന്

മുൻതൂക്കമുണ്ടായിരുന്ന ദേവികുളത്തും യു.ഡി.ഫിന് തന്നെയാണ് ലീഡ്. കോൺഗ്രസിന്റെ എഫ്. രാജ 5233 ലീഡോടെയാണ് ലീഡ് ചെയ്യുന്നത്. 45357 വോട്ടുനേടിയ സി.പി.ഐ.എമ്മിന്റെ നിലവിലെ എം.എൽ.എ അഡ്വ. എ. രാജയാണ് രണ്ടാമതുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എ. രാജ 59049 വോട്ടുനേടിയാണ് വിജയിച്ചിരുന്നത്. എന്നാൽ, ഇത്തവണ എഫ്. രാജ 50000ത്തിൽ കൂടുതൽ വോട്ടുകൾ ശേഖരിച്ചാണ് യു.ഡി.എഫിനെ വിജയത്തിലേക്ക് നയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!