വി.ഡി സതീശനെ അനുകൂലിച്ചുള്ള പ്രകടനത്തെച്ചൊല്ലി ചേരിതിരിവ്; ഇടുക്കി ഡിസിസിയിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്

ഇടുക്കി: ഡിസിസിയിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. വി.ഡി സതീശനെ അനുകൂലിച്ച് ഒരു വിഭാഗം നടത്തിയ പ്രകടനത്തെച്ചൊല്ലി പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമായി. ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്.
കെ.സി വേണുഗോപാൽ അനുകൂലികളും വി.ഡി സതീശൻ അനുകൂലീകളും പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ ദിവസമാണ് ഡിസിസി ഒദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വി.ഡി സതീശൻ അനുകൂല പ്രകടനത്തിൽ പങ്കെടുക്കണമെന്ന സന്ദേശം ഡിസിസി ജനറൽ സെക്രട്ടറി പങ്കുവയ്ക്കുന്നത്. ഇതിനെതിരെ കെ.സി പക്ഷക്കാരിയായ കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ രംഗത്തെത്തി. ഇതേ തുടർന്ന് പരസ്പരം ചർച്ചകളും നടന്നു.
പ്രകടനം നടത്തിയവർക്കെതിരെ സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഇടുക്കി ഡിസിസി നടപടിസ്വീകരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡണ്ട് സി.പി മാത്യു അറിയിച്ചു.



