മൂന്നാറിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്; രണ്ട് ദിവസമായി സഞ്ചാരികളുടെ വൻതിരക്ക്

മൂന്നാർ : മൂന്നാർ ടൗണിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് രണ്ട് ദിവസമായി അനുഭവപ്പെടുന്നത്. വരയാടുകളെ കാണാനും തണുപ്പ് തേടിയുമാണ് സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ഹോട്ടലുകളിലും റിസോർട്ടുകളിലും മുറിപോലും കിട്ടാത്ത സാഹചര്യമുണ്ട്. ഈ ആഴ്ച പതിവിൽ കവിഞ്ഞ തിരക്കാണ്.
വെള്ളി, ശനി ദിവസങ്ങളിൽ തിരക്ക് വർധിച്ചു. മറയൂർ, ദേവികുളം, മാട്ടുപ്പെട്ടി, ലഷ്മി റോഡുകളിൽ വാഹനങ്ങൾ മണിക്കൂറുകളാണ് കുടുങ്ങി കിടന്നത്. സഞ്ചാരികളുടെ എണ്ണം കൂടിയിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.
മൂന്നാർ ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും ഗതാഗതം നിയന്ത്രിക്കാനിറങ്ങിയിട്ടും മൂന്നാറിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക്.. മൂന്നാർ ഡിവിഷനു കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ളവരും മൂന്നാറിലെ ട്രാഫിക്, സ്റ്റേഷൻ ഉദ്യോഗസ്ഥരെയും രണ്ടു ദിവസമായി മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി നിയമിച്ചിരിക്കുകയാണ്.
42 പൊലീസുകാരടക്കമുള്ളവരെയാണ് ട്രാഫിക് ജോലിക്കായി പ്രത്യേകം നിയമിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതൽ ടൗൺ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ വേണ്ടി വന്നു. അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടങ്ങളുമാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമാകാൻ കാരണം.



