KeralaLatest News

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും. ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി ബുധനാഴ്ച അവസാനിച്ചു. കൊല്ലപ്പെട്ട ബാലന്റെ കുടുംബം മാപ്പ് നൽകിയതിനെത്തുടർന്ന് വധശിക്ഷ റദ്ദാക്കിയതോടെ, 20 വർഷത്തെ ജയിൽവാസം പൂർത്തിയാക്കി റഹീം ഉടൻ മോചിതനാകും. ലോകമെമ്പാടുമുള്ള മലയാളികൾ സമാഹരിച്ച 15 മില്യൺ റിയാൽ ദിയാധനമായി നൽകിയതിലൂടെയാണ് അബ്ദുറഹീമിന് പുതുജീവൻ ലഭിച്ചത്.രണ്ട് പതിറ്റാണ്ട് നീണ്ട ജയിൽവാസത്തിനൊടുവിൽ കോഴിക്കോട് സ്വദേശി അബ്ദുറഹീം മോചനത്തിലേക്ക് അടുക്കുകയാണ്.

2006 മുതൽ റിയാദ് ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി 2026 മെയ് 20 ഓടെ അവസാനിക്കും. ശിക്ഷ പൂർത്തിയാകുന്നതോടെ മോചിതനായി അദ്ദേഹം നാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് 15 മില്യൺ റിയാൽ ദിയാധനം നൽകിയതോടെയാണ് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ഇതിനായി 47 കോടിയോളം രൂപ മലയാളികൾ ഒറ്റക്കെട്ടായി സ്വരൂപിച്ചു. തുടർന്ന് പൊതു അവകാശ കേസിൽ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയാണ് റഹീം ഇപ്പോൾ പൂർത്തിയാക്കുന്നത്.

2006 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകനെ വാഹനത്തിൽ വെച്ച് മനപ്പൂർവം കൊലപ്പെടുത്തി എന്ന കുറ്റമാണ് അബ്ദുറഹീമിന് മേൽ ചുമത്തിയത്. 2025 മെയ് മാസത്തിലാണ് പൊതു അവകാശവുമായി ബന്ധപ്പെട്ട അന്തിമ വിധി കോടതി പുറപ്പെടുവിച്ചത്. റിയാദിലെ നിയമ സഹായ സമിതിയും ഇന്ത്യൻ എംബസിയും ചേർന്ന് മോചനത്തിനായുള്ള അവസാനഘട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അബ്ദുറഹീം വൈകാതെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!