KeralaLatest News

ഷിബു ബേബി ജോണും സി പി ജോണും സഗൗരവം; മറ്റുള്ളവരുടെ സത്യപ്രതിജ്ഞ ദൈവനാമത്തില്‍; ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്‍

യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. ഷിബു ബേബി ജോണും സി പി ജോണും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മറ്റെല്ലാ മന്ത്രിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്‍ വ്യത്യസ്തനായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രമാരും അധികാരമേറ്റു. നിറഞ്ഞുകവിഞ്ഞ സദസിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ.

കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെല്ലാം വേദിയില്‍ സന്നിഹിതരായിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എംപി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിന്റെ ചുമതലയുടെ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിങ്ങനെ നേതാക്കളാല്‍ സമ്പന്നമായിരുന്നു വേദി. ഭരണപക്ഷത്തെ നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷത്തെ കരുത്തരും വേദിയിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികള്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

ഭരണ പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച് വേദിയിലിരുത്തി ഇങ്ങനെയൊരു സത്യപ്രതിജ്ഞാ ചടങ്ങ് അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും.

മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. ഘടക കക്ഷികളുടെ വകുപ്പുകളിലുള്‍പ്പെടെ മാറ്റം ഉണ്ടായേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ നിലവില്‍ ധാരണയായ വകുപ്പുകളില്‍ മാറ്റവുണ്ടാകും. വൈദ്യുതി വകുപ്പ് താത്പമില്ലെന്ന് കെ മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആരോഗ്യവും ദേവസ്വവും വേണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇത് അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!