ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് നടപ്പിലാക്കുന്ന ‘റൈസ്’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷം പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന എംപിയുടെ എക്‌സലൻസ് അവാർഡ് 2026 വിതരണം ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
മനുഷ്യ സമൂഹത്തിന് ആശ്വാസമേകാൻ കഴിയുന്ന ജീവിതം കണ്ടെത്തണമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും പ്രയാസമനുഭവിക്കുന്ന മനുഷ്യനിൽ പുഞ്ചിരി വിരിയിക്കാൻ നമുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന തിരിച്ചറിയാൻ കഴിയണം.
ടെൻഷനും വിഷാദവും പരാജയഭീതിയും നമ്മെ പിന്നോട്ടു വലിക്കരുത്. പരാജയപ്പെട്ടാൽ കൂടുതൽ ആവേശത്തോടെ മുന്നേറണം. 18 മുതൽ 25 വയസുവരെ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരിലധികവും എന്നാണ് റിപ്പോർട്ടുകൾ. പരാജയത്തെ നേരിടാൻ കുട്ടികൾക്ക് കഴിയാത്ത അവസ്ഥയുണ്ട്. ഇക്കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് ഏറ്റവും നല്ല കൗൺസലിംഗ് നൽകേണ്ടത് അച്‌ഛനും അമ്മയും ആണ്. അസാധ്യമായതൊന്നുമില്ല എന്ന ചിന്ത വളർത്തിയെടുക്കണം. സമചിത്തതയോടെ പഠിക്കുകയും വളരുകയും വേണം.
ഓരോ വിദ്യാർഥിക്കും ഒരു സ്വപ്‌നമുണ്ടാകണം. ആ സ്വപ്നം യാഥാർഥ്യമാക്കാൻ ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനത്തിൻ്റെ തുടക്കമാകട്ടെ ഈ മികച്ച വിജയം എന്ന് മന്ത്രി ആശംസിച്ചു. പുതിയ സാങ്കേതിക മുന്നേറ്റങ്ങളുടെ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറണമെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടുത്തെ വിദ്യാർഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവുമധികം വിജയ ശതമാനം നേടിയത് ഇടുക്കി ജില്ലയാണ്. എസ് എസ് എൽസിയിലും പ്ലസ് ടു വിലും നേടിയ വിജയം നിലനിർത്താൻ വിദ്യാർഥികൾക്ക് കഴിയട്ടെ എന്നും എം.പി. പറഞ്ഞു.
പുതിയ കാലഘട്ടത്തിൽ മികച്ച ആശയവിനിമയ ശേഷിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. നല്ല ടീം പ്ലയർ ആകാനും പുതിയ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാനും കഴിയണം. മറ്റുള്ളവരെ കേൾക്കാൻ കഴിയുന്നവർക്കേ പ്രശ്നം പരിഹരിക്കാനാകൂ. സമൂഹത്തിലെ ഓരോരുത്തരുടെയും കൂട്ടായ പ്രയത്നമാണ് നമ്മുടെ വിജയമെന്നും ആ സമൂഹത്തോട് പ്രതിബദ്ധതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്റ്റേറ്റ് സിലബസ് സ്‌കൂളുകളില്‍ നിന്ന് പ്ലസ് ടു/എസ്.എസ്.എല്‍.സി പരീക്ഷകളിലും, സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ പ്രതിഭകളെയും ചടങ്ങില്‍ മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. മന്ത്രി രമേശ് ചെന്നിത്തലയും ഡീൻ കുര്യാക്കോസ് എംപിയും അവാർഡുകൾ വിതരണം ചെയ്തു.
തൊടുപുഴ മർച്ചൻ്റ്സ് ഹാളിൽ നടന്ന പരിപാടിയിൽ റോയ് കെ. പൗലോസ് എം എൽ എ, തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൻഷാദ് മുഹമ്മദ്, നഗരസഭ വൈസ് ചെയർപേഴ്സൺ കെ. ദീപക്, ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാടൻ, രാഷ്‌ട്രീയ കക്ഷി പ്രതിനിധി സി.പി. മാത്യു, വ്യാപാരി വ്യവസായി ഭാരവാഹികൾ, രാഷ്‌ട്രീയ കക്ഷി നേതാക്കൾ, അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



