അനധികൃത സ്പാകള്‍ക്ക് വിലങ്ങിടാന്‍ ഓപ്പറേഷന് സ്പാ; ഓപ്പറേഷന് തൂഫാന് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല

ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്ക് വിലങ്ങിടാന്‍ ഓപ്പറേഷന് സ്പാ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്പാകളെ നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം കൊണ്ടുവരുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്പാകളെ കണ്ടെത്തുന്നത് പൊലീസ് ഗൗരവകരമായി എടുത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
യാതൊരു നിയമവും പാലിക്കാതെ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഉടനീളം സ്പാകള്‍ ആരംഭിക്കുകയാണ്. ലൈംഗികചൂഷണം ഇവിടങ്ങളിലെ പ്രധാന പ്രശ്നമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ആരാണ് ഇതുതുടങ്ങുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ആര്‍ക്കും അറിയില്ല. പെണ്‍കുട്ടികളെയും കുടുംബത്തേയും ചൂഷണം ചെയ്യുകയും ആളുകളെ വഞ്ചിക്കുകയും ചെയ്യുന്ന തരത്തിലാണ് കേരളത്തിന്റെ പലഭാഗത്തും സ്പാകളുടെ പ്രവര്‍ത്തനം. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും സ്ത്രീകളെ കൊണ്ടുവന്ന് ജോലി ചെയ്യിപ്പിച്ച് ചൂഷണം നടത്തുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്പാകളെ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയരുന്നുണ്ട്. ഉത്തരവാദിത്ത ബോധവും ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്പാകളുടെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ ശക്തമായ നിയമനടപടികളുണ്ടാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം കോവളത്ത് സ്പായില്‍ പതിനാറുകാരി ക്രൂരപീഡനത്തിന് ഇരയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കളമശ്ശേരിയിലെ സ്പായില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തിരുന്നു.ഓപ്പറേഷന് തൂഫാന് ജനങ്ങളുടെ സഹകരണത്തോട കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി കൂടുതല്‍ വ്യാപകമാക്കാനും ജനങ്ങളിലേക്കെത്തിക്കാനുമുള്ള കര്‍മപരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാനിലൂടെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളും കുറഞ്ഞു. സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗം 30ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. അക്രമസംഭവങ്ങളും കൊലപാതകങ്ങളും ക്രമസമാധ പ്രശ്നങ്ങളും വളരെയേറെ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി,എസ്.പി.മാര്‍, തൂഫാന് നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു. ഓപ്പറേഷന് തൂഫാന് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി. ഓപ്പറേഷന് തൂഫാന് വ്യാപകമാക്കാനും ജനങ്ങളിലേക്ക് കൂടുതലെത്തിക്കാനുമുള്ള നടപടികളാണ് ഇപ്പോള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഓപ്പറേഷന് തൂഫാന് ഇതുവരെ ജനങ്ങളുടെ സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. പദ്ധതി വ്യാപകമാക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ക്ക് രൂപംകൊടുക്കാനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഓപ്പറേഷന് തൂഫാന് വരും ദിവസങ്ങളില്‍ ശക്തമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു



