
മൂന്നാർ : ടൂറിസം മന്ത്രി പിസി വിഷ്ണുനാഥന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ആവശ്യമായ പരിഹാരം മാർഗങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചർച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ജൂൺ 11ന് സബ് കളക്ടർ വിഎം ആര്യയുടെയും ദേവികുളം എംഎൽഎ എഫ് രാജയുടെ നേതൃത്വത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നാറിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് മൂന്നാർ ഡിവൈഎസ്പി എസ് ചന്ദ്രകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ ഉടൻതന്നെ നടപ്പിലാക്കുമെന്നാണ് യോഗ തീരുമാനം.
യോഗത്തിൽ ജൂൺ 11ന് നടന്ന യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തി.
ഗതാഗത നിയന്ത്രണത്തിനായി വിവിധ പോയിന്റുകളിൽ ഗാർഡുകളെയും ട്രാഫിക് വാർഡന്മാരെയും നിയോഗിക്കും, ഇടാക്കുന്ന പാർക്കിംഗ് ഫീസിൽ നിന്നുള്ള വരുമാനം ഇവരുടെ വേതനത്തിനായി ഉപയോഗിക്കുക, രാജമലയിൽ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ നിർബന്ധമായും നിശ്ചയിച്ച സ്ഥലത്ത് തന്നെ പാർക്ക് ചെയ്യുക. സ്ഥലം തികയാതെ വരുമ്പോൾ മാത്രം റോഡിന്റെ ഒരു വശത്ത് മാത്രം പാർക്ക് ചെയ്യുക. ആനച്ചാൽ ആൽത്തറ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനായി പൊലീസിനെ നിയോഗിക്കും.
കെഎസ്ആർടിസി ഡിപ്പോയോട് ചേർന്ന് റോഡരികിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിൽ എത്തുന്ന സഞ്ചാരികൾക്ക് ടൈം സ്ലോട്ട് അടിസ്ഥാനത്തിൽ ടിക്കറ്റ് നൽകുന്നതിനുള്ള സാധ്യത പരിശോധിക്കും,
ഗതാഗത നിയന്ത്രണത്തിനായി സിഗ്നൽ പോസ്റ്റുകൾ സ്ഥാപിക്കാൻ ചീഫ് എഞ്ചിനീയറിന് കത്ത് നൽകും, മൂന്നാർ ജനറൽ ആശുപത്രി റോഡിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിക്കും.
ദേവികുളം റോഡിൽ നിന്നും മൂന്നാർ ടൗണിലേക്ക് വൺ വേ സംവിധാനം ഏർപ്പെടുത്തും.
ഓട്ടോ, ജീപ്പ് സ്റ്റാൻഡുകളിൽ വാഹനങ്ങൾ നിരത്തിനോട് ചേർന്ന് സമാന്തരമായി മാത്രം പാർക്ക് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും, ഹോട്ടലുകളിൽ എത്തുന്ന വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും. ദേശീയ പാതയോരത്ത്
മാർഗ തടസം സൃഷ്ടിച്ച് അനധികൃതമായി പ്രവർത്തിക്കുന്ന പെട്ടിക്കടകൾ ജൂൺ 30 നകം ഒഴിപ്പിക്കും, മാട്ടുപ്പെട്ടി, ലക്കം ഭാഗങ്ങളിൽ കെഡിഎച്ച്പി, കെഎഫ്ഡിസി എന്നിവർ ചേർന്ന് പുതിയ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ ഉയർന്നു വന്നത്.
മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ ഈശ്വരൻ , സി നെൽസൺ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ ,വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



