ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

യുപിഐ ഇടപാടിന് സേവനനിരക്ക് ഏർപ്പെടുത്തുമെന്ന അഭ്യൂഹം തള്ളി പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ സൗജന്യമായി തുടരും. സാധാരണക്കാരിൽ നിന്നും യാതൊരുവിധ നിരക്കുകളും ഈടാക്കില്ലെന്നും പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. ചെറുകിട വ്യാപാരികളെയും ബാധിക്കില്ല. മെർച്ചന്റ് സർവീസ് ചാർജുകൾ ബാധകമെങ്കിൽ അത് വ്യാപാരികളും ബാങ്കുകളും തമ്മിലുള്ള കാര്യം മാത്രം. ഇത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.
2016ൽ ആരംഭിച്ചത് മുതൽ ഉപഭോക്താക്കൾക്ക് യുപിഐ സൗജന്യമാണെന്നും വ്യക്തിഗത ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ നിലവിൽ യാതൊരു നിർദ്ദേശവുമില്ലെന്നും എക്സിലൂടെ പിസിഐ വ്യക്തമാക്കി. രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് യുപിഐ നിർണായക പങ്കാണ് വഹിക്കുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകൾക്ക് അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാൻ യുപിഐ സഹായകരമായിട്ടുണ്ടെന്ന് പിസിഐ പറയുന്നു.
ടാക്സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളിലാണ് വിശദീകരണം. ഡിജിറ്റൽ പണമിടപാടുകൾ പ്രൊസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്മെന്റ് സേവന ദാതാക്കളും വ്യാപാരികളിൽനിന്ന് ഈടാക്കുന്ന തുകയാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്. ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്കല്ല, വ്യാപാരികൾക്കാണ് ഇത് ബാധകമാകുക



