Latest NewsSports

ലോകത്തോളം വളർന്ന ഫുട്ബോൾ മിശിഹ: മെസിക്ക് ഇന്ന് 39-ാം പിറന്നാൾ

കാൽപന്ത് കളിയുടെ കലണ്ടറിൽ ഇന്ന് തിരുപ്പിറവിയുടെ നാളാണ്. ഫുട്ബോളിന്റെ മിശിഹ ലിയോണൽ ആന്ദ്രേസ് മെസി പിറവി കൊണ്ട ദിനം. ഫുട്ബോൾ മിശിഹ ലിയോണൽ മെസ്സിക്ക് ഇന്ന് മുപത്തിയൊമ്പതാം പിറന്നാൾ. ലോകകപ്പ് ഫുട്ബോളിൽ ഉജ്ജ്വല പ്രകടനങ്ങൾ തുടരുന്നതിനിടെയാണ് മെസ്സിയുടെ ഇത്തവണത്തെ പിറന്നാളെന്നതാണ് പ്രത്യേകത. ഹോർമൺ കുറവിൽ ഇനി ഉയരം വക്കില്ലെന്ന് വൈദ്യന്മാർ വിധിച്ച ബാലൻ ലോകത്തോളം വളർന്ന കഥയ്ക്ക് സമാനതകളില്ല. ഒരു തുകൽ പന്ത് കാലിൽ കൊരുത്ത് അവൻ കാണിച്ച ഇന്ദ്രജാലങ്ങളെ വർണിക്കാൻ കവിതകളോ, വാക്കുകളോ പോരാതെ വരും.

1987 ജൂൺ 24ന് അർജന്റീനയിലെ റൊസാരിയോയിൽ ജനനം. ജീവിതവും കരിയറും കെട്ടിപ്പടുക്കാൻ ബാഴ്സലോണയിലേക്കുള്ള കുടിയേറ്റം. ലാ മാസിയയിൽ പയറ്റിത്തെളിഞ്ഞ് കറ്റാലൻപടയുടെ എക്കാലത്തേയും മികച്ചവനായി. ലാലീഗ, ചാന്പ്യൻസ് ലീഗ്, ബലോൻ ദ് ഓർ, ഫിഫ ദ് ബെസ്റ്റ്, ലോറസ്… ക്ലബിനായി കിരീടങ്ങളും വ്യക്തിഗത പുരസ്കാരങ്ങളും വാരിക്കൂട്ടുന്പോഴും ആ അൾട്ടിമേറ്റ് പ്രൈസ് ഇല്ലെന്ന പരിഹാസമായിരുന്നു. ഒടുവിൽ 2022ൽ ഖത്തറിൽ ഫുട്ബോൾ ആരാധകരുടെ കണ്ണും മനസും നിറച്ച്ആ കനകക്കിരീടം നെഞ്ചോടുചേർത്തു.

പ്രായം മുപ്പത്തിയൊന്പതിലെത്തി നിൽക്കുന്പോൾ കാൽപന്തുകളിയുടെ മഹാവേദിയിൽ മഹേന്ദ്രജാലങ്ങളാൽ നിറയുകയാണ് അയാളിപ്പോഴും.. അൾജീരിയക്കെതിരെ ഹാട്രിക്ക്, ഓസ്ട്രിയക്കെതിരെ ഡബിൾ. മിറാസ്ലാവ് ക്ലോസെയുടെ റെക്കോർഡ് പഴങ്കഥയാക്കി ലോകകപ്പ് ചരിത്രത്തിലെ ഗോളടിയിലെ മഹാവേട്ടക്കാരനാവുന്നു. അനിവാര്യമായ ആ സങ്കടദിനത്തിലേക്ക് അധികം ദിനങ്ങൾ ഇല്ലെന്നുറപ്പ്. ലിയോണൽ മെസ്സി ബൂട്ടഴിച്ച്, കരിയറിന് ഫൈനൽ വിസിലിടുന്ന ദിവസങ്ങൾ അകലെയല്ല. പക്ഷെ മറ്റൊരു വിശ്വകിരീടനേട്ടത്തോടെയാകട്ടെ അതെന്ന ആഗ്രങ്ങളിലാണ് അയാളുടെ അനുചരന്മാർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!