അടിമാലി ലക്ഷംവീട് നിവാസികൾ സ്വന്തമായി കിടപ്പാടത്തിന് വേണ്ടി നടത്തിവരുന്ന അനിശ്ചിതകാല സമരം മൂന്നുദിവസം പിന്നിട്ടു.
അടിമാലി :സ്വന്തമായി കിടപ്പാടം വേണമെന്ന് ആവശ്യവുമായിണ് അടിമാലി ലക്ഷംവീട്ടിലെ 17 കുടുംബങ്ങൾ സമരവുമായി തെരുവിലേക്ക് ഇറങ്ങിയത്. എട്ടുമാസം മുമ്പ് അടിമാലി ലക്ഷംവീടിന് സമീപം മണ്ണിടിഞ്ഞ് നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ഇതോടെ ഇവരെ വാടക വീട്ടിലേക്ക് ജില്ലാ ഭരണകൂടം മാറ്റി താമസിപ്പിച്ചു. എന്നാൽ വാടക കൃത്യസമയത്ത് കിട്ടാതെ വന്നതോടെ മൂന്നുമാസം മുമ്പ് ഇവർ റോഡ് നിർമ്മാണ കമ്പനിയുടെ യാഡിന് മുൻവശത്തായി സമരം ചെയ്തിരുന്നു.
സമരത്തെ തുടർന്ന് കുടിശ്ശിക വന്ന മുഴുവൻ വാടകയും നൽകി വീണ്ടും വാടകവീട്ടിലേക്ക് തന്നെ ഇവരെ തിരിച്ചയച്ചു. പിന്നീടും വാടക കുടിശ്ശിക മുടങ്ങിയതോടെയാണ് സ്വന്തമായൊരു വീട് വേണമെന്ന് ആവശ്യവുമായി 17 കുടുംബങ്ങൾ സമരവുമായി വീണ്ടും മുന്നോട്ട് വന്നത്. തങ്ങൾക്ക് തരാമെന്ന് പറഞ്ഞ് വീട് സ്ഥലവും നൽകാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് 17 കുടുംബങ്ങളുടെയും ആവശ്യം .
സമരത്തിന്റെ രണ്ടാം ദിവസം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ദേവികുളം എംഎൽഎ എഫ്.രാജയും സമര പന്തലിൽ എത്തി. സ്ഥലം സന്ദര്‍ശിച്ച എം.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സമരം ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലെന്നും കളക്ടര്‍ മുഖാന്തരം ചര്‍ച്ച നടത്തി മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ എന്നും അറിയിച്ചതായി കുടുംബങ്ങള്‍ പറഞ്ഞു. എന്നാൽ വീട് ലഭ്യമാകാതെ സമരത്തിൽ നിന്നും പിന്മാറുക ഇല്ലെന്നാണ് ലക്ഷംവീട് നിവാസികൾ പറയുന്നത്. മണ്ണിടിഞ്ഞു വീഴുന്നതിന്റെ തൊട്ടുതാഴെ ആരംഭിച്ചിരിക്കുന്ന സമരത്തില്‍ ഏതു നിമിഷവും അപകടം സംഭവിക്കാമെന്ന ഭീതിയിലാണ് സ്ത്രീകളടക്കമുള്ളവര്‍ ഇവിടെ രാപ്പകൽ സമരം ചെയ്യുന്നത്. .



