FCRA ബിൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും; ലിസ്റ്റ് ചെയ്ത് ലോക്സഭാ സെക്രട്ടറിയേറ്റ്

എഫ്സിആർഎ നിയമഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. അവതരിപ്പിക്കാൻ സാധ്യതയുള്ള ബില്ലുകൾക്കൊപ്പം എഫ്സിആർഎയും ലോക്സഭാ സെക്രട്ടറിയേറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബില്ല്, ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയാനുള്ള നിയമ ഭേദഗതി, എന്നിവയാണ് ലിസ്റ്റ് ചെയ്ത മറ്റ് ബില്ലുകൾ.
ബില്ല് നിയമമായാൽ വന്ദേമാതരത്തെ അപമാനിക്കുന്നത് ഇനി ക്രിമിനൽ കുറ്റമാകും.കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണമായിരുന്നു നേരത്തെ എഫ്സിആർഎ നിയമഭേദഗതി ബിൽ അവതരിപ്പിക്കാതിരുന്നത്. പാർലമെൻന്റിന്റെ വർഷകാല സമ്മേളനം ഈ മാസം ഇരുപതിനാണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് പതിമൂന്ന് വരെയുള്ള സമ്മേളനത്തിൽ ആകെ 19 പ്രവർത്തി ദിനങ്ങളാണുള്ളത്.
ജയിൽ ശിക്ഷ വിധിച്ചാൽ മന്ത്രിസ്ഥാനം തെറിക്കുന്ന ഭരണഘടനയുടെ 130 ആം ഭേദഗതി ബില്ല് സമ്മേളന കാലയളവിന്റെ ആദ്യം തന്നെ ചർച്ചയ്ക്ക് എടുത്തേക്കും. ഈ മാസം 17ന് ബില്ലിൽ ജെപിസിയുടെ റിപ്പോർട്ട് അംഗീകരിക്കും. കഴിഞ്ഞ സമ്മേളനത്തിൽ ബിജെപിക്ക് അംഗ ബലമില്ലാത്തതിനാൽ പാസാകാതെ പോയ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും കൊണ്ടുവരാനുള്ള നീക്കവും സജീവമാണ്.
ടിഎംസിയുടെയും ശിവസേന ഉദ്ദവ് പക്ഷത്തെയും പിളർപ്പിൽ വിമതർക്ക് അനുകൂലമായി സ്പീക്കർ നിലപാട് എടുക്കുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്. നീറ്റ് യുജി ചോദ്യപേപ്പർ ക്രമക്കേടും അയോധ്യ സംഭാവന കൊള്ളയും ഉൾപ്പെടെ ഭരണകക്ഷിയെ മുൾമുനയിൽ നിർത്താൻ പ്രതിപക്ഷവും പദ്ധതിയിടുന്നു



