
പത്തനംതിട്ട ജില്ലയിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പി സി വിഷ്ണുനാഥ്.ഇപ്പോഴും വനത്തിൽ ശക്തമായ മഴ തുടരുന്നുണ്ട്. തിരുവല്ലക്ക് കൂടുതൽ ശ്രദ്ധ വേണ്ടിയിരിക്കുന്ന സാഹചര്യമാണുള്ളത്. റാന്നിയിലും ആറന്മുളയിലും വെള്ളം കുറയുന്നുണ്ടെങ്കിലും ആ വെള്ളമെല്ലാം തിരുവല്ലയിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൂടുതൽ ടോറസുകളിറക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മഴക്കെടുതിയും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച പത്തനംതിട്ടയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ സന്ദർശനം നടത്തി. കോഴഞ്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ആറന്മുള, റാന്നി, തിരുവല്ല എന്നിവിടങ്ങളിലെ പ്രളയബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാംപുകളിലും മുഖ്യമന്ത്രിയെത്തി. ജില്ലയിലെ അതിജീവനത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നദികളിൽ മണ്ണും മാലിന്യവും നീക്കം ചെയ്യാൻ ഉടൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കാലവർഷക്കെടുതിയിൽ ഇന്ന് 6 മരണമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ നാല് ദിവസത്തിനിടെ ജീവൻ നഷ്ടമായത് 23 പേർക്കാണ്



