KeralaLatest NewsLocal news

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധം:ആശുപത്രി അധികൃതര്‍.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആരോഗ്യ കുടുംബ ക്ഷേമം-ദേവസ്വം വകുപ്പ് മന്ത്രി  കെ. മുരളീധരന്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതര്‍. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ചികിത്സാ നിഷേധമോ ചികിത്സാ പിഴവോ  അനാവശ്യമായ കാലതാമസമോ ഉണ്ടായിട്ടില്ല.

ആഗസ്റ്റ് 10-ന് രാവിലെ തൊടുപുഴ ജില്ലാ ആശുപത്രി ക്യാഷ്വാലിറ്റിയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് കുട്ടികളുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് നടത്തിയ പരിശോധനയില്‍, രണ്ട് രോഗികള്‍ക്കും ആവശ്യമായ ചികിത്സയും വിദഗ്ധ ചികിത്സാ നിര്‍ദേശങ്ങളും സമയബന്ധിതമായി ലഭിച്ചതായി കണ്ടെത്തി.

പനി ബാധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ടുവയസുകാരിയായ പെണ്‍കുട്ടിക്ക് ആവശ്യമായ അടിയന്തര ചികിത്സകള്‍ സമയബന്ധിതമായി നല്‍കിയതായും തുടര്‍ചികിത്സ ആവശ്യമായ സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായും ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ആഗസ്റ്റ് 10 ന് രാവിലെ 9.47- നാണ് കുട്ടിയെ പനിയെത്തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച് പനി കുറയ്ക്കുന്നതിനുള്ള മരുന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഒ ആര്‍ എസ് ലായനിയും നല്‍കി. ശരീരോഷ്മാവ് കുറയ്ക്കുന്നതിനായി ഇളംചൂടുവെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുകയും ചെയ്തു.
പനി കുറയാത്തതിനെ തുടര്‍ന്ന് കുട്ടിയെ ശിശുരോഗ വിദഗ്ധന്‍ പരിശോധിക്കുകയും നിരീക്ഷണത്തില്‍ തുടരുകയും ചെയ്തു.

തുടര്‍ന്ന് 12 മണിയോടെ കുട്ടിക്ക് അപസ്മാരമുണ്ടായി. ഉടന്‍ തന്നെ ഡ്യൂട്ടി ഡോക്ടര്‍ ആവശ്യമായ മരുന്നും ചികിത്സയും നല്‍കി. ശിശുരോഗ വിദഗ്ധനെ വിവരം അറിയിക്കുകയും വിദഗ്ധന്റെ നിര്‍ദേശപ്രകാരം തുടര്‍ചികിത്സ നല്‍കുകയും ചെയ്തു. അപസ്മാരം നിയന്ത്രണവിധേയമാക്കുന്നതിനുള്ള ആവശ്യമായ ചികിത്സകള്‍ നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു.

തുടര്‍ന്നുള്ള നിരീക്ഷണത്തിനിടെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ന്യൂറോളജി വിദഗ്ധന്റെ അഭിപ്രായവും തേടി. വിദഗ്ധന്റെ നിര്‍ദേശപ്രകാരം ആവശ്യമായ മരുന്ന് നല്‍കി.
കുട്ടിയുടെ തുടര്‍ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യം കണക്കിലെടുത്ത് ശിശുരോഗ വിദഗ്ധന്റെയും ന്യൂറോളജി വിദഗ്ധന്റെയും നിര്‍ദ്ദേശപ്രകാരം പ്രത്യേക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇതിനിടെ, മറ്റൊരു കുട്ടിയുമായി ക്യാഷ്വാലിറ്റിയിലെത്തിയ ഒരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് പരാതി പറയുന്നത് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ അടിയന്തരമായി  അന്വേഷണം നടത്താന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ആശുപത്രി സൂപ്രണ്ട് ക്യാഷ്വാലിറ്റിയിലെത്തി പരാതിക്കാരിയുമായി സംസാരിക്കുകയും ചികിത്സാ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അവരുടെ കുട്ടി പേവിഷബാധയ്‌ക്കെതിരായ വാക്‌സിനേഷന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കുന്നതിനായാണ് ആശുപത്രിയിലെത്തിയതെന്ന് വ്യക്തമായി.

കുട്ടിയെ നേരത്തെ തന്നെ ഡോക്ടര്‍ പരിശോധിക്കുകയും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നിര്‍ദേശം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് വാക്‌സിനേഷനായി കാത്തിരിക്കുകയായിരുന്നു എന്നും പരിശോധനയില്‍ വ്യക്തമായി.

ഇരു സംഭവങ്ങളിലും നടത്തിയ വിശദമായ പരിശോധനയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയോ, ചികിത്സ നല്‍കുന്നതില്‍ അനാവശ്യമായ കാലതാമസം ഉണ്ടാകുകയോ ചികിത്സാപിഴവ് സംഭവിക്കുകയോ ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മന്ത്രിയുടെ സന്ദര്‍ശനത്തിലും ചികിത്സാ സേവനങ്ങള്‍ക്ക് തടസമുണ്ടായില്ല. മന്ത്രി ആശുപത്രി സന്ദര്‍ശിച്ച സമയത്ത് ക്യാഷ്വാലിറ്റിയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഏകദേശം 12.45 ഓടെ മന്ത്രി ആശുപത്രി സന്ദര്‍ശിച്ച് മടങ്ങിയ സമയത്തും രോഗികളുടെ ചികിത്സയിലും പരിചരണത്തിലും യാതൊരു തടസവും ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ മന്ത്രിയുടെ മീറ്റിംഗ് നടക്കുന്ന ഹാളില്‍ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരോ നഴ്സുമാരോ  പങ്കെടുത്തിട്ടില്ല എന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!