കേരളത്തിന്റെ ഓപ്പറേഷന്‍ തൂഫാന്‍ മാതൃകയില്‍ രാജ്യവ്യാപക മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്‍ ആരംഭിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി

രാജ്യത്താകെ യുവജനങ്ങള്‍ക്കിടയില്‍ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം നടപ്പിലാക്കി വരുന്ന – ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട് – മാതൃകയില്‍ രാജ്യവ്യാപക മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി റൂള്‍ 377 പ്രകാരം ലോക്സഭയില്‍ ആവശ്യപ്പെട്ടു.
2026 ജൂണില്‍ കേരള സര്‍ക്കാര്‍ ആഭ്യന്തര വകുപ്പിന്റെയും കേരള പോലീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാനിലൂടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്ന് കടത്തും ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ രാജ്യത്ത് കേരളം മാതൃകയായി മാറി.
തൂഫാന്‍ സ്ട്രൈക്ക് വഴി കര്‍ശന നിയമനടപടികളും മയക്കുമരുന്ന് ശൃംഖലകളെ തകര്‍ക്കുന്നതും തൂഫാന്‍ വാരിയേഴ്സ് വഴി പൊതുബോധവല്‍ക്കരണവും, യുവജന പങ്കാളിത്തവും, തൂഫാന്‍ കെയര്‍ വഴി പുനരധിവാസം, കൗണ്‍സിലിംഗ്, പിന്തുണ എന്നിവ ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുകയും, നിരവധി കടത്ത് ശൃംഖലകളേയും, നിരവധി അന്തര്‍സംസ്ഥാന സംഘങ്ങളെയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കടത്ത് സംഘടിത കുറ്റകൃത്യസംഘങ്ങളിലൂടെ സംസ്ഥാന അതിര്‍ത്തികള്‍ കടന്നാണ് നടക്കുന്നത് എന്നതിനാല്‍ ഓരോ സംസ്ഥാനവും ഒറ്റയ്ക്കെടുക്കുന്ന നടപടികള്‍ കൊണ്ട് മാത്രം ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാനാകില്ല. ആയതിനാല്‍ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ മാതൃകയില്‍ ഒരു സമഗ്ര ദേശീയ മയക്കുമരുന്ന് വിരുദ്ധ ദൗത്യം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.



