ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ഇടുക്കി : കട്ടപ്പന നിരപ്പേൽക്കട സ്വദേശി ചേന്നാത്ത് മാത്യുദേവസ്യ (66)യെയാണ് എട്ട് മാസം ഗർഭിണിയായ യുവതിയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ താഴ്ത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി
തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കർ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട അമ്പിളിയുടെ മാതാവിന് നൽകാനും കോടതി ഉത്തരവിട്ടു.
2012 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലെ പാമ്പാടുംപാറയിൽ നടന്നത്. കട്ടപ്പന കടമാകുഴി ഭാഗത്തെ കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന പ്രതിയും തോട്ടത്തിലെ തൊഴിലാളിയായിരുന്ന അമ്പിളിയും തമ്മിൽ അടുപ്പത്തിലായിരുന്നു. അവിവാഹിതയായ അമ്പിളി പ്രതിയിൽനിന്ന് ഗർഭിണിയാവുകയായിരുന്നു.

ഭാര്യയും കുട്ടികളുമുള്ള പ്രതി, കുഞ്ഞ് ജനിച്ചാൽ തന്റെ കുടുംബജീവിതത്തെയും സാമൂഹിക പ്രതിച്ഛായയെയും ബാധിക്കുമെന്ന ഭയത്തെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതിയുടെ നിർദ്ദേശാനുസരണം ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അമ്പിളിയെ പാമ്പാടുംപാറ എസ്റ്റേറ്റിലെ കാപ്പിഞ്ഞോട്ടത്തിലെത്തിച്ച് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് തെളിവ് നശിപ്പിക്കാൻ മൃതദേഹം പ്ലാസ്റ്റിക് പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി കുളത്തിൽ താഴ്ത്തി. അമ്പിളിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജനുവരി 14ന് കാപ്പിത്തോട്ടത്തിലെ തൊഴിലാളികൾ കുളത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്ന നീല പടുതാക്കെട്ട് കണ്ടെത്തി വണ്ടൻമേട് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ പടുതയ്ക്കുള്ളിൽ ഒരു സ്ത്രീയുടെയും പൊക്കിൾക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്തി. മാതാപിതാക്കൾ മൃതദേഹം അമ്പിളിയുടേതെന്ന് തിരിച്ചറിഞ്ഞു.

തുടർന്നുള്ള ശാസ്ത്രീയ പരിശോധനയിലും ഡിഎൻഎ പരിശോധനയിലും കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കുഞ്ഞിന്റെ പിതാവ് പ്രതിയാണെന്നും സ്ഥിരീകരിച്ചു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കണ്ടെത്തി അന്വേഷണം നടത്തി അന്നത്തെ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ റെജി എം. കുന്നിപ്പറമ്പൻ പ്രതിക്കെതിരെ പഴുതടച്ച കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്.എസ്. ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ലെയ്സൺ ഓഫീസർ രമേഷും, സഹായത്തിനായി സിവിൽ പോലീസ് ഓഫീസർമാരായ ഇർഷാദ്, സൂരജ് എന്നിവരും പ്രവർത്തിച്ചു.



