2023-2025 കാലയളവിൽ ലഭിച്ചത് 1,162 കോടി രൂപ, ചെലവഴിച്ചത് വെറും 16.47 കോടി മാത്രം; പിഎം കെയേഴ്സ് കണക്ക് പുറത്തുവിട്ട് കേന്ദ്രം

കൊവിഡ് മഹാമാരി പോലെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിന്റെ സാമ്പത്തിക വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടും കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തി. 2023-2025 കാലയളവിൽ ലഭിച്ചത് 1,162 കോടി രൂപയാണ്. ചെലവഴിച്ചത് വെറും 16.47 കോടി മാത്രം. പിഎം കെയേഴ്സ് ഫണ്ടിന്റെ ആകെ നീക്കിയിരിപ്പ് 8,452.07 കോടി രൂപയായി ഉയർന്നു. തുകയുടെ 90 ശതമാനത്തിലധികവും ബാങ്ക് സ്ഥിരനിക്ഷേപങ്ങളിലായി സൂക്ഷിച്ചിരിക്കുന്നു.
ആകെ തുകയുടെ 93 ശതമാനത്തോളം വരുന്ന 7,846.65 കോടി രൂപയും എഫ്.ഡിയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ച 469.38 കോടി രൂപയുടെ പലിശയാണ് ഫണ്ടിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായി മാറിയത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവനകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര സംഭാവന മുൻ വർഷത്തെ 681.81 കോടി രൂപയിൽ നിന്ന് 479.05 കോടിയായി കുറഞ്ഞു. വിദേശ സംഭാവനകൾ 11.35 ലക്ഷം രൂപയിൽ നിന്ന് 9.28 ലക്ഷം രൂപയായും ഇടിഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ടിൽ നിന്നുള്ള ആകെ ചെലവ് വളരെ കുറവായിരുന്നു. 87.85 ലക്ഷം രൂപ മാത്രമാണ് വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചത്. മുൻ വർഷമിത് 15.60 കോടി രൂപയായിരുന്നു. നേരിട്ടുള്ള സംഭാവനകളിൽ കുറവുണ്ടായെങ്കിലും, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ തുക ഉയർന്നതാണ് ഫണ്ടിന്റെ ആകെ മൂല്യം വർദ്ധിക്കാൻ ഇടയാക്കിയത്.അതേസമയം പിഎം കെയേഴ്സ് ഫണ്ട് വിനിയോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഫണ്ടിൽ വിനിയോഗിച്ചത് വെറും 0.01% മാത്രം. രാജ്യം പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുമ്പോൾ കോടിക്കണക്കിന് രൂപ ബാങ്കിൽ വെറുതെ കിടക്കുന്നുവെന്ന് പവൻ ഖേര കുറ്റപ്പെടുത്തി



