Education and careerKeralaLatest News

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്; സേ പരീക്ഷ ഫീസ് കുറച്ചു,പ്രതിഷേധം തുടർന്ന് വിദ്യാർഥികൾ

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ് കോളജ് മാനേജ്മെന്റ്. സേ പരീക്ഷ ഫീസ് 6000 ത്തിൽ നിന്ന് 1000 ആക്കി കുറച്ചു. KTU നിർദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്ന് ഉത്തരവിൽ കോളജ് അധികൃതർ സമ്മതിച്ചു. വിദ്യാർഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചു ചേർക്കും എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ കുറഞ്ഞ ക്രെഡിറ്റിന്റെ പുറത്ത് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കുമെന്ന് ഉത്തരവിൽ കൂട്ടിച്ചേർത്തു.

വിദ്യാർഥികൾ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് കോളജിന്റെ സർക്കുലർ.അതേസമയം, കോളജ് സർക്കുലർ അംഗീകരിക്കാൻ കഴിയില്ലെന്നും സമരവുമായി തന്നെ മുന്നോട്ട് പോകുമെന്നും വിദ്യാർഥികൾ അറിയിച്ചു. കോളജിനു മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു. അധ്യാപകർ അടക്കമുള്ളവരെ തടഞ്ഞു. പ്രിൻസിപ്പലും ഡീനും മാറിനിൽക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. നിയമം മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും ഇയർ ബാക്ക് ആയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തിൽ ഉത്തരവാദിത്വം ഇതുവരെ മാനേജ്മെൻറ്റ് ഏറ്റെടുത്തിട്ടില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി. മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുവരെ മാനേജ്‌മെന്റിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

മൂന്നാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തിന് പിന്നാലെ മാനേജ്മെന്റ് ഉറപ്പു നൽകിയ കാര്യങ്ങൾ രേഖാമൂലം പ്രസിദ്ധീകരിക്കണമെന്നും, മകനെ നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും, വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. കോളജിലെ മുഴുവൻ വിദ്യാർഥികളും സമരത്തിന്റെ ഭാഗമാകുമെന്ന് വിദ്യാർഥി കൂട്ടായ്മ അറിയിച്ചു. വിഷയങ്ങളിൽ തീരുമാനമാകുന്നതുവരെ കോളജിന്റെ പ്രവർത്തനം സ്തംഭിപ്പിക്കും എന്നും, മിച്ചിയുടെ അനുഭവം മറ്റാർക്കും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം എന്നും കൂട്ടായ്മ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!