ഓണാഘോഷം കൊടിയിറങ്ങുന്നു; ഉപരാഷ്ട്രപതി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു; കണ്ണഞ്ചിപ്പിച്ച് വിവിധ ദേശങ്ങളില്‍ നിന്നുള്ള ഫ്ളോട്ടുകള്‍; ആഘോഷ ലഹരിയില്‍ തലസ്ഥാനം

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരുവനന്തപുരത്ത് കൊടിയിറക്കം. വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനാണ് സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. സമാപന ചടങ്ങില്‍ ചലച്ചിത്ര താരം ആസിഫ് അലിയാണ് മുഖ്യാതിഥി. വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര തന്നെയാണ് ഇന്നത്തെ ദിവസത്തെ പ്രധാന ആകര്‍ഷണം. കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെയുള്ള നിരത്തുകളുടെ ഇരുവശങ്ങളിലും ഘോഷയാത്ര കാണാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ തടിച്ചുകൂടിയിട്ടുണ്ട്.
വിവിധ കലാപ്രകടനങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഫ്ളോട്ടുകള്‍ ഘോഷയാത്രയെ വര്‍ണാഭമാക്കുകയാണ്. ലോക്ഭവന് മുന്നില്‍ നിന്നാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍, മുഖ്യമന്ത്രി വി ഡി സതീശന്, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്, വിവിധ വകുപ്പ് മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമാപനചടങ്ങിന്റെ ഭാഗമായി.
സംസ്ഥാന ടൂറിസം വകുപ്പാണ് വര്‍ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചത്. സംസ്ഥാനത്തൊട്ടാകെ നൂറിലേറെ വേദികളിലായി നടന്ന 170ലേറെ പരിപാടികളില്‍ എണ്ണായിരത്തിലേറെ കലാകാരന്മാരാണ് ഇതിന്റെ ഭാഗമായത്. നാടന്‍ കലകളും തനത് രൂപങ്ങളും ഉള്‍പ്പെടെ 99ലേറെ കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി. സമകാലീന വിഷയങ്ങള്‍ ഉള്‍പ്പെടെ ഫ്ളോട്ടുകള്‍ക്ക് പ്രമേയമായി. പ്രിയദര്‍ശിനി ബസുകള്‍ മുതല്‍ വന്ദേഭാരത് ഉള്‍പ്പെടെയുള്ളവ ഘോഷയാത്രയില്‍ പ്രമേയമായി.
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും, ആറന്മുള ഉതൃട്ടാതി വള്ളംകളിയുടെ ഉദ്ഘാടന വേദിയിലും വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനാണ് ഇരു പരിപാടികളും ഉദ്ഘാടനം ചെയ്തത്. ഉപരാഷ്ട്രപതിയുടെ ചടങ്ങിന് പ്രോട്ടോകോള്‍ ഉണ്ടെന്നും, നിലപാടിന്റെ പ്രശ്നമല്ലെന്നും ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് വിശദീകരിച്ചു



