
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. (kerala rains yellow alert in 10 districts)തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി പെയ്തത് ശക്തമായ മഴയാണ്.
തിരുവനന്തപുരത്ത് മലയോരമേഖലകളിലും നഗരപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. വിതുര, മക്കി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വീടുകളില്‍ ഉള്‍പ്പടെ വെള്ളം കയറി. കൊല്ലത്ത് പുതിയ ദേശീയ പാതയിലും സര്‍വീസ് റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. രാവിലെയോടെ തെക്കന്‍ ജില്ലകളിലെ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു



