Education and careerKeralaLatest NewsLocal newsTravel

പൈലറ്റാകാനുള്ള മോഹം എത്തിപ്പിടിക്കാന്‍ നിസിമോള്‍ റോയി; ഇത് നിസിമോളുടെ പരിശ്രമത്തിന്റെ വിജയം

അടിമാലി: പൈലറ്റാകണമെന്ന തന്റെ മോഹം പൂവണിയിക്കാന്‍ ഒരവസരം കൈയ്യെത്തിപ്പിടിച്ചതിന്റെ സന്തോഷത്തിലാണ് 21കാരിയായ നിസിമോള്‍ റോയി. ഇടുക്കി എന്‍ജിനീയറിങ് കോളജിലെ ഡ്രൈവര്‍ പുളിക്കത്തൊട്ടി കാവുംവാതുക്കല്‍ റോയിയുടേയും മേഴ്‌സിയുടേയും മൂത്ത മകളാണ് നിസി മോള്‍ റോയി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്.ടി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ നിസിമോള്‍ റോയിക്ക് സര്‍ക്കാരിന്റെ വിംഗ്സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരിശീലനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞു. ചെറുപ്പം മുതലേ പഠിത്തത്തില്‍ മികവ് പുലര്‍ത്തിയിരുന്നു നിസിമോള്‍ക്ക് പൈലറ്റാകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഇതിനു വരുന്ന ഭാരിച്ച ചെ ലവ് മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ കോഴിക്കോട് എന്‍. ഐ.ടിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഉപരിപഠനത്തിന് ചേരുകയായിരുന്നു. പഠിത്തത്തിനിടയിലും തന്റെ ആഗ്രഹം എത്തിപിടിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന എന്‍ട്രന്‍സ് പ രീക്ഷയില്‍ എസ്.ടി. വിഭാഗത്തില്‍ ഒന്നാം റാങ്ക് ലഭിച്ചതോടെ എന്‍.ഐ.ടിയിലെ പഠനമുപേക്ഷിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ പൈലറ്റ് പരിശീലനത്തിന് ചേരുകയായിരുന്നു.

ഫീസ് സര്‍ക്കാരാണ് നല്‍കുന്നത്. ഇടുക്കി ജില്ലയില്‍ ആദ്യമായിട്ടാണ് എസ്.ടി. വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടിക്ക് പൈലറ്റാവാന്‍ അവസരം ലഭിക്കുന്നത്. ഇതിനോടകം ഹെവി ഡ്രൈവര്‍ ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള നിസിമോള്‍ ഡ്രോണ്‍ ഫ്്‌ളൈംഗിലും സജീവ സാന്നിധ്യമാണ്. സ്വയം പരിശ്രമത്തിലൂടെ വലിയൊരു നേട്ടം കൈവരിച്ച നിസിമോള്‍ക്ക് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലും അടിമാലി പൊറ്റാസ് ഫണ്‍ ഫാമും ചേര്‍ന്ന് അനുമോദനമൊരുക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!