അടിമാലി താലൂക്ക് ആശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം

അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങളാണ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മുമ്പോട്ട് വയ്ക്കുന്നത്. ഡയാലിസ് യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ആശുപത്രിയുടെ കാഷ്വാലിറ്റി ബ്ലോക്കിന് ഫയര്‍ എന്‍.ഒ.സി ലഭിച്ചിട്ടില്ല. ദേശിയപാതയോട് ചേര്‍ന്നുള്ള ആശുപത്രി എന്ന നിലയില്‍ അപകടങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ ആശുപത്രിയില്‍ മിനി ഐ.സി.യു സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതില്‍ ആരോഗ്യ വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും ഭരണസമിതി ആരോപിച്ചു.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യക്കുറവ് മൂലം ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ രോഗികള്‍ പ്രയാസം അനുഭവിക്കുന്ന സ്ഥിതിയുണ്ട്. മാമോഗ്രാം പദ്ധതിക്കു വേണ്ടിയുള്ള യന്ത്രസാമഗ്രികള്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതുമൂലം പ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിച്ചിട്ടില്ല. ആശുപത്രിയില്‍ സര്‍ജനും, ഫിസിഷ്യന്‍മാരും ഉണ്ടെങ്കിലും ഒരു കാര്‍ഡിയോളജസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയില്ല. സര്‍ക്കാരിന്റെ ഇത്തരം അവഗണനകള്‍ക്കെതിരെ അടുത്തമാസം 9ന് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ജോര്‍ജ് തോമസ്, സി.കെ പ്രസാദ്, ഷാന്റി ബേബി, ബിന്ദു രാജേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.