ലഹരി ഉപയോഗം ചോദ്യം ചെയ്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായി പരാതി

അടിമാലി: തുറസായ സ്ഥലത്തിരുന്ന് രാത്രിയില്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായി പരാതി. ഡി വൈ എഫ് ഐ അടിമാലി ബ്ലോക്ക് കമ്മിറ്റിയംഗം ഹാരിസ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ രഞ്ചിത്ത് എന്നിവര്‍ക്കാണ് പരിക്ക് സംഭവിച്ചിട്ടുള്ളത്. വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറ വ്യൂ പോയിന്റില്‍ രാത്രികാലത്ത് തുറസ്സായ സ്ഥലത്ത് വാഹനത്തിന്റെ ബോണറ്റില്‍ വച്ച് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തിനെ തുടര്‍ന്ന് പ്രകോപിതരായ ലഹരി സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന ഹാരിസ് പറഞ്ഞു. ഹാരിസിന്റെ കാലിന് ഒടിവ് സംഭവിച്ചു. രഞ്ചിത്തിന്റെ തലക്കാണ് പരിക്കുള്ളത്.
അക്രമ ശേഷം സംഘം പ്രദേശത്തു നിന്നും രക്ഷപ്പെട്ടതായി ഹാരിസും രഞ്ചിത്തും പറഞ്ഞു.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഡി വൈ എഫ് ഐ ബ്ലോക്ക് നേതൃത്വം രംഗത്തെത്തി.കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഡി വൈ എഫ് ഐ അടിമാലി ബ്ലോക്ക് സെക്രട്ടറി സി എസ് സുധീഷ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്ക് സംഭവിച്ചവര്‍ അടിമാലി പോലീസില്‍ പരാതി നല്കി.