Latest NewsNational

രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും

ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്ക് പുറമെ രാജ്യസഭയും ബിൽ പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ഇത്രയേറെ വിശദമായ ചർച്ചകൾ നടന്ന മറ്റൊരു ബില്ലുമില്ലെന്ന് ബിൽ അവതരിപ്പിച്ച് ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. മുനമ്പം വിഷയം ഇന്നും മന്ത്രി പരാമർശിച്ചു.

ആദ്യം അവതരിപ്പിച്ച ഡ്രാഫ്റ്റിൽ നിന്ന് മാറ്റങ്ങൾ വരുത്തിയതാണ് ഈ ബില്ല് എന്നത് പരിശോധിച്ചാൽ മനസ്സിലാകുമെന്ന് കിരൺ റിജിജു ചർച്ചയിൽ മറുപടി പറയവേ വ്യക്തമാക്കി. ജെപിസിയിലെ പ്രതിപക്ഷ അംഗം പറഞ്ഞു താൻ പറഞ്ഞത് അംഗീകരിച്ചില്ല എന്ന്. വഖഫ് കൗൺസിലിൽ നാലിൽ കൂടുതൽ അമുസ്ലിങ്ങൾ ഇല്ല.എന്നിട്ടും ഇവർ പറയുന്നു മുസ്ലിം ഭൂരിപക്ഷത്തെ കുറയ്ക്കുകയാണെന്ന് – കിരൺ റിജിജു പറഞ്ഞു.

ബിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെതിരെ പ്രതിഷേധമുയർത്തി കറുത്ത വസ്ത്രമണിഞ്ഞാണ് കേരളത്തിൽ നിന്നുള്ള ഇടത് അംഗങ്ങൾ സഭയിലെത്തിയത്. മുനമ്പത്ത് ഒരാൾക്ക് പോലും വീട് നഷ്ടമാകില്ലെന്ന് ഡോക്ടർ ജോൺ ബ്രിട്ടാസ് പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ ബിജെപി പറഞ്ഞു, വഖഫ് ഭൂമിയിന്മേൽ ഉള്ള കടന്നുകയറ്റം തടയുമെന്ന്.ഭരണഘടന ലംഘനമാണ് ബില്ലിൽ ഉടനീളം.മതത്തിന്റെ പേരിൽ വേർതിരിക്കാനാണ് ബിജെപിയുടെ ശ്രമം -ബ്രിട്ടാസ് പറഞ്ഞു. ഇതിന് മറുപടിയുമായി സുരേഷ് ഗോപിയും രംഗത്തെത്തി. മുനമ്പത്ത് 600 ഓളം കുടുംബങ്ങളെയാണ് ചതിയിൽപ്പെടുത്തിയിരിക്കുന്നത്. പരിഹാരത്തിനായി രൂപീകരിച്ച കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞു.നിങ്ങൾ അവതരിപ്പിച്ച പ്രമേയം അറബിക്കടലിൽ ചവിട്ടി താഴ്ത്തും കേരളത്തിലെ ജനങ്ങൾ – അദ്ദേഹം വ്യക്തമാക്കി.

ബിൽ രാജ്യസഭയും കടക്കുന്നതോടെ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ ഒപ്പുമതി. എന്നാൽ ബിൽ പാസായാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. അതിനാൽ വഖഫ് നിയമഭേദഗതി ബിൽ പാസായാലും നിയമപോരാട്ടങ്ങൾ തുടരും.രണ്ടാം മോദി സർക്കാരിന്റെ ആദ്യ നീക്കങ്ങളിൽ ഒന്നായിരുന്നു വഖഫ് ഭേദഗതി ബിൽ. ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും നിലവിൽ വന്നു. 1995ൽ ഈ നിയമം റദ്ദാക്കി വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. തുടർന്ന് 2013ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വഖഫിന്റെ പ്രവർത്തനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!