അടിമാലി ചാറ്റുപാറ പശ്ചിമ മൂകാംബിക ശ്രീ സരസ്വതി മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവവും പൊങ്കാലയും ഏപ്രിൽ എട്ടു മുതൽ പന്ത്രണ്ട് വരെ

അടിമാലി ചാറ്റുപാറ പശ്ചിമ മൂകാംബിക ശ്രീ സരസ്വതി മഹാദേവക്ഷേത്രത്തിൽ നാലുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ആഘോഷങ്ങൾക്ക് ഈ മാസം എട്ടിന് തുടക്കം കുറിക്കും. എട്ടിന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പന്തിരടി പൂജയും പഞ്ചഗവ്യം കലശം എന്നിവയും നടക്കും. തുടർന്ന് 12.18 നും 12. 58നും ഇടയിൽ ക്ഷേത്ര ആചാര്യൻ ബ്രഹ്മശ്രീ എൻ വി സുധാകരൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി എൻ ജോഷി നാരായണൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടി ഉയരുമെന്ന് ക്ഷേത്രം ഭാരവാഹികൾ അടിമാലിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
9ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സരസ്വതി ദേവിക്ക് ശ്രീഭൂതബലി, മഹാവിദ്യാ മന്ത്ര ഹോമം, ഔഷധ വിതരണം വൈകിട്ട് 5. 30ന് ഭഗവത് സേവ, മഹാസുദർശന ഹോമം, വടക്കുപുറത്ത് വലിയ ഗുരുതി, മുള പൂജ എന്നിവ നടക്കും. ഉത്സവത്തിൻ്റെ മൂന്നാം ദിനമായ പത്തിന് ക്ഷേത്രത്തിൽ പൊങ്കാലയും 11ന് വൈകിട്ട് അഞ്ചിന് താലപ്പൊലി ഘോഷയാത്രയും നടക്കും. താലപ്പൊലി ഘോഷയാത്രക്ക് ശേഷം മുത്തപ്പൻ വെള്ളാട്ടം അരങ്ങേറും. തുടർന്ന് പള്ളിവേട്ട നടക്കും. ഉത്സവത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച്ച രാവിലെ 7.30 ന് പള്ളി ഉണർത്തലിന് ശേഷം അഭിഷേകവും ഉച്ച പൂജയും നടക്കും. വൈകിട്ട് 6.30ന് ആറാട്ട് ഹോമം, ആറാട്ട് ബലി എന്നിവക്ക് ശേഷം ആറാട്ട് പുറപ്പാടും ആറാട്ടും നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കെ വി രാജു, സെക്രട്ടറി പി എസ് ഷൈലജൻ, കൺവീനർ സൈറസ് കെ ദാസ്, മനീഷ് നാരായണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.