Education and careerKeralaLatest News

കാക്കിയഴിച്ച് ഇതിഹാസം; ഐ എം വിജയന് പൊലീസില്‍ നിന്ന് ഇന്ന് പടിയിറക്കം

മൂന്നരപതിറ്റാണ്ടിലധികം നീണ്ട പൊലീസ് സര്‍വീസില്‍ നിന്ന് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് ഇന്ന് ഔദ്യോഗിക പടിയിറക്കം. കേരള പൊലീസ് ടീമില്‍ പന്തു തട്ടാനെത്തിയ വിജയന്‍ എംഎസ്പി ഡപ്യൂട്ടി കമാന്‍ഡന്റായാണ് കാക്കിയഴിക്കുന്നത്.

അയിനിവളപ്പില്‍ മണി വിജയന്‍ എന്ന ഐ എം വിജയന്‍. ബ്രസീലിന് പെലെയും അര്‍ജന്റീനയ്ക്ക് മറഡോണയും ഹോളണ്ടിന് യൊഹന്‍ ക്രൈഫുമൊക്കെ പോലയാണ് ഇന്ത്യന്‍ ഫുട്‌ബോളിന് ഐഎം വിജയന്‍. ഇതിഹാസത്തിന്റെ പിറവി കേരളനാട്ടിലെന്നത് നമ്മള്‍ മലയാളികള്‍ക്ക് അലങ്കാരവും അഹങ്കാരവുമാണ്.

കോച്ച് ടി.കെ ചാത്തുണ്ണിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം.സി.രാധാകൃഷ്ണനും നല്‍കിയ കത്തുമായി പൊലീസ് ടീമിന്റെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വിജയന് പതിനെട്ട് തികഞ്ഞിരുന്നില്ല. അന്നത്തെ ഡിജിപി എംകെ ജോസഫ് ആറ് മാസത്തിന്റെ സാങ്കേതിക
പറഞ്ഞ് മടക്കി അയച്ചിരുന്നുവെങ്കില്‍ ഐഎം വിജയനെന്ന ഇതിഹാസം ഉണ്ടാവുമായിരിന്നില്ല. പ്രായത്തിനപ്പുറം പ്രതിഭയ്ക്ക് കൈകൊടുത്തു എം.കെ. ജോസഫ്. വിജയനെ അതിഥി താരമായി ടീമിലെത്തു. പന്ത് കാലിലെത്തിയാല്‍ വിജയനോളം മൂപ്പ് മറ്റൊന്നിനുമില്ലെന്നത് വേറെ കാര്യം.

പതിനെട്ട് തികഞ്ഞതോടെ വിജയന്‍ പൊലീസായി. 1987ല്‍ ഹവില്‍ദാറായിട്ടായിരുന്നു നിയമനം. അരവയറിന്റെ അരക്ഷിതത്വത്തില്‍ നിന്ന് വിജയനും കുടുംബത്തിനും സുരക്ഷിതത്വത്തിന്റെ തണല്‍ കൂടിയായിരുന്നു പൊലീസ്പ്പണി. കേരള പൊലീസ് ടീമിന്റെ ഗോള്‍ഡന്‍ ജനറേഷനും അവിടെ തുടക്കമായി. യു. ഷറഫലി, കുരികേശ് മാത്യു, വി.പി. സത്യന്‍, കെ.ടി ചാക്കോ, സി.വി.പാപ്പച്ചന്‍ , ഐഎം. വിജയന്‍. രാജ്യത്തെ മുഴുവന്‍ ഫോഴ്‌സിനും തടുക്കാന്‍ പറ്റാത്ത ടീമായി മാറി കേരള പൊലീസ് ടീം.

രണ്ട് ഫെഡറേഷന്‍ കപ്പ് നേടിയ പൊലീസ് ടീം 93ലെ കേരളത്തിന്റെ സന്തോഷ് ട്രോഫി നേട്ടത്തിലും നിര്‍ണായക കണ്ണിയായി. ഇതിനിടെ രണ്ട് തവണ ടീം വിട്ട വിജയന്‍ 2011ല്‍ വീണ്ടും പൊലീസ് കുപ്പായമണിഞ്ഞു. അങ്ങനെയുള്ള 38 വര്‍ഷം നീണ്ട വിജയന്റെ പൊലീസ് സര്‍വീസിനാണ് അവസാനമാകുന്നത്. നക്ഷത്രമില്ലാത്ത ഹവില്‍ദാറില്‍ നിന്ന് മൂന്ന് നക്ഷത്രങ്ങളുള്ള ഡപ്യൂട്ടി കമാന്‍ഡന്റെ ആയാണ് വിജയന്‍ കാക്കിയൂരുന്നത്. കേരള പൊലീസിന്റെ ചരിത്രത്തില്‍ മിന്നും താരങ്ങള്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും വിജയനക്ഷത്രം ഒന്നേ കാണൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!