
ലോകത്ത് ആദ്യമായി മാസു ദേവതയുടെ എ ഐ രൂപം അവതരിപ്പിച്ച് മലേഷ്യ. ചൈനീസ് കടൽ ദേവതയായ മാസുവിന്റെ ഡിജിറ്റൽ പതിപ്പാണിതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് .പരമ്പരാഗത ചൈനീസ് വേഷത്തിലാണ് മാസുവിനെ ചിത്രീകരിച്ചിരിക്കുന്നത്. ആരാധകരോട് സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന മാസുവിനെ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്.കടല്‍ ദേവതയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് എഐ മാസുവിന്റെ അവതരിപ്പിച്ചത്.
തെക്കന്‍ മലേഷ്യയിലെ ജോഹോറിലുള്ള ടിയാന്‍ഹൗ ക്ഷേത്രത്തിന്റെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എഐ മാസുവിനോട് ഭക്തർ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എ ഐ യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഡിജിറ്റൽ ദേവതയെ നിർമ്മിച്ചിരിക്കുന്നത് മലേഷ്യൻ കമ്പനിയായ ഐമാസിന്‍ ആണ്. മാസുവിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ വീഡിയോ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ നിരവധി രസകരമായ സംഭവങ്ങളും ഉൾപ്പെട്ടിരുന്നു, അപ്രതീക്ഷിത ഭാഗ്യത്തിന് തനിക്ക് യോഗമുണ്ടോയെന്ന കമ്പനിയുടെ സ്ഥാപകന്‍ ഷിന്‍ കോങിന്റെ ചോദ്യത്തിന് നിങ്ങള്‍ വീട്ടിലിരുന്നാല്‍ അപ്രതീക്ഷിത ഭാഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നല്ല ഫലം ഉണ്ടാകും എന്നായിരുന്നു മറുപടി. പിന്നീട് ഒരു ഇന്‍ഫ്‌ളുവന്‍സര്‍ എഐ മാസുവിനെ സമീപിച്ച്, തനിക്ക് രാത്രിയില്‍ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും അതിനൊരു പരിഹാരം നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു ,രാത്രി കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ നല്ല ഉറക്കം ലഭിക്കുമെന്നായിരുന്നു തിരികെ നൽകിയ മറുപടി.
മാസുവിന്റെ ഇത്തരം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്ന രീതിയിലും ,തമാശരൂപേണയുമുള്ള നിരവധി കമ്മന്റുകൾ പോസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തിനിടയിൽ ഇന്നും മാസുവിനെ ആരാധിക്കുന്നവർ ഏറെയാണ്.