അടിമാലി ടൗണില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പു ഡിവൈഡറുകള്‍ അപകട സാധ്യത ജനിപ്പിക്കുന്നു

അടിമാലി: അടിമാലി ടൗണില്‍ ദേശിയപാതകളില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പു ഡിവൈഡറുകള്‍ അപകട സാധ്യത ജനിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അടിമാലി ടൗണില്‍ കൊച്ചി ധനുഷ്ക്കോടി ദേശിയപാത കടന്നു പോകുന്ന സെന്റര്‍ ജംഗ്ഷന് ഭാഗത്തും അടിമാലി കുമളി ദേശിയപാത കടന്നു കല്ലാര്‍കുട്ടി റോഡിലും ഇരുമ്പ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. കാലപ്പഴക്കം ചെന്ന ഈ ഡിവൈഡറുകളാണ് അപകട സാധ്യത ഉയര്‍ത്തുന്നത്.
ഇരുദിശകളിലേക്കും പോകുന്ന വാഹനങ്ങള്‍ വരിതെറ്റിച്ച് പോകാതിരിക്കാനായി കല്ലാര്‍കുട്ടി റോഡിന് മധ്യഭാഗത്തുകൂടി ഒരടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുകളിലാണ് ഇരുമ്പ് ഡിവൈഡര്‍ ഉറപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ഡിവൈഡറുകള്‍ പലതും കാലപ്പഴക്കത്താല്‍ തുരുമ്പിച്ച് നിലംപതിക്കാറായ സ്ഥിതിയിലാണ്. അപകടവസ്ഥ ജനിപ്പിക്കുന്ന ഈ ഡിവൈഡറുകള്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. ശക്തമായ കാറ്റ് വീശിയാല്‍ നിലംപതിക്കാവുന്ന വിധം ചുവട് തുരുമ്പെടുത്ത് ദ്രവിച്ച് നില്ക്കുന്ന ഡിവൈഡര്‍ ഭാഗങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് പരാതി ഉയരുന്നു.
നാളുകള്‍ക്ക് മുമ്പ് ഈ വിധം ചില ഡിവൈഡറുകള്‍ മറിഞ്ഞ് വീഴുകയും ചെയ്തിരുന്നു. ഇരുചക്രവാഹന യാത്രികരുടെ ദേഹത്ത് അവ പതിച്ചാല്‍ അപകടത്തിന് വഴിയൊരുക്കും. കല്ലാര്‍കുട്ടി റോഡില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡറുകളില്‍ ചിലത് മാത്രമാണ് ഇപ്പോള്‍ അവശേിക്കുന്നത്. കാലപ്പഴക്കത്താല്‍ തുരുമ്പെടുത്തവ നീക്കം ചെയ്യണമെന്നാണ് ആവശ്യം.