പത്തനംതിട്ട പാറമട അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു; ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു

പത്തനംതിട്ട കോന്നിയിൽ പാറമടയിലെ അപകടത്തിൽ ഒരു മരണം. പാറക്കടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട ഒരാളുടെ കാലുകൾ പാറക്കെട്ടിനിടയിൽ കണ്ടിരുന്നു. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം.
മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടം.
അതേസമയം, ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉൾപ്പെടെ പരിശോധിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെക്കാനാണ് ജില്ലാ കലക്ടർ നിർദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാൽ ക്വാറിയിലെ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു.
അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ ഏഴുമണിയോടെ തുടരും. ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേവ പ്രധാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.