
അടിമാലി: ഹൈറേഞ്ച് മേഖലയിലെ പൊടിമില്ലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. ദൂര പരിധിയില്ലാതെ പുതിയ മില്ലുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചതും പായ്ക്കറ്റ് പൊടികളുടെ ഉപയോഗം വര്‍ധിച്ചതും ഈ മേഖലയെ പിന്നോട്ടടിക്കുന്ന കാരണങ്ങളാണ്. റേഷന്‍കടകള്‍ വഴി നല്‍കി വന്നിരുന്ന ഗോതമ്പിന്റെ വിതരണം നിര്‍ത്തി പകരം ആട്ടയുടെ വിതരണം ആരംഭിച്ചതും പ്രതിസന്ധിയായി മില്ലു നടത്തിപ്പുകാര്‍ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്താകെമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പൂട്ടുവീണ പൊടിമില്ലുകള്‍ നിരവധിയുണ്ട്. സ്പെയര്‍ പാര്‍ട്സുകളുടെ വില വര്‍ധനവും വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും ഈ മേഖലയില്‍ പ്രതിസന്ധി തീര്‍ക്കുന്നു.

വരുമാനം കുറഞ്ഞതോടെ ലൈസന്‍സ് ഫീസ്, കെട്ടിട നികുതി എന്നിവയും പൊടിമില്ല് നടത്തിപ്പുകാര്‍ക്ക് ബാധ്യതയായി മാറി. ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതും ഈ മേഖലയിലെ വരുമാന ഇടിവിന് ഇടവരുത്തിയിട്ടുണ്ട്. വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പൊടിമില്ലുടമകള്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലാകുമെന്നും മില്ല് നടത്തിപ്പുകാര്‍ പറഞ്ഞു.