
അടിമാലി: അടിമാലി ടൗണില്‍ നിന്ന് നോക്കിയാല്‍ മനോഹര കാഴ്ച്ചയൊരുക്കുന്ന വെള്ളച്ചാട്ടമാണ് തലമാലി വെള്ളച്ചാട്ടം. തലമാലി വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം മണ്‍സൂണ്‍കാലത്ത് അടിമാലി ടൗണിലൂടെ കടന്ന് പോകുന്നവരുടെ ഇഷ്ട കാഴ്ച്ചയാണ്. മഴ കനത്ത് പെയ്തതോടെ വേനലില്‍ വരണ്ട തലമാലി വെള്ളച്ചാട്ടം ജലസമൃദ്ധമായി. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകുന്ന ഈ ജലപാതത്തിന്റെ ഒത്ത ചുവട്ടില്‍ നിന്നും വേണ്ടുവോളം ഇതിന്റെ ഭംഗിയാസ്വദിക്കാം. ടൗണില്‍ നിന്നും അപ്സരകുന്ന് വഴി സഞ്ചരിച്ചാല്‍ കുറച്ചു ദൂരം മാത്രമെ ഈ വെള്ളച്ചാട്ടത്തിലേക്കുള്ളു.
അടിമാലി ടൗണില്‍ നിന്നും യാത്ര ആരംഭിക്കുന്നത് മുതല്‍ ഈ ജലപാതത്തിന്റെ ഇരമ്പലും രൗദ്രതയും കണ്ട് യാത്ര തുടരാം. വേനലില്‍ വരളുന്ന തലമാലി വെള്ളച്ചാട്ടം ഒരോ വര്‍ഷക്കാലത്തും ഭംഗി തിരികെ പിടിക്കും. അടിമാലി ടൗണുമായി തൊട്ടുരുമി ഒഴുകുന്ന ജലപാതമെങ്കിലും ഭംഗിയാസ്വദിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമൊക്കെ ഇവിടേക്കെത്തുന്നവര്‍ ചുരുക്കമാണ്. സന്ദര്‍ശകരുടെ കാര്യമായ സാന്നിധ്യമില്ലാത്തതിനാല്‍ വെള്ളം തല്ലിയൊഴുകുന്ന ഉരുളന്‍ കല്ലുകള്‍ക്ക് പോലും വല്ലാത്തൊരു തനിമയുണ്ട്.