മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം: യുവതിയുടെ മൊഴിയില്‍ അവ്യക്തത; ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടില്‍ ആരും അറിഞ്ഞില്ലെന്ന മൊഴിയിലും സംശയങ്ങള്‍

പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ക്ക് അറിയില്ലെന്നും പ്രസവശേഷം പൊക്കിള്‍ക്കൊടി അറുത്തത് പോലും താന്‍ ഒറ്റയ്ക്കാണെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞിരുന്നത്. ഈ വിവരങ്ങളൊന്നും വീട്ടില്‍ ആരും അറിഞ്ഞില്ല എന്നത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ.
കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് യുവതി പ്രസവിക്കുന്നത്. പ്രസവശേഷം പൊക്കിള്‍ക്കൊടി യുവതി തന്നെ മുറിച്ചുമാറ്റി. കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വെച്ചതും താന്‍ തന്നെയെന്ന് യുവതി പൊലീസിനോട് സമ്മതിച്ചിരുന്നു.
ഇരുപത് വയസുകാരി ആണ്‍ സുഹൃത്തില്‍ നിന്നാണ് ഗര്‍ഭം ധരിച്ചത്. താന്‍ ഗര്‍ഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
അതേസമയം വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21 കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെണ്‍കുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. 21 കാരി ഗര്‍ഭിണിയായി വിവരം അറിയില്ല എന്നാണ് പ്രദേശത്തെ ആശാപ്രവര്‍ത്തകര്‍ പറയുന്നത്. ബി എ ബിരുദധാരിയായ പെണ്‍കുട്ടിയും ഏറെനാളായി വീട്ടിലാണ്. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 21 കാരിയുടെ മുത്തശ്ശി പറയുന്നത്. പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി സ്ഥിരീകരിച്ചു.