
മൂന്നാര്‍: മൂന്നാര്‍ കന്നിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ മൃതദേഹം സംസ്‌കരിച്ചു. തോട്ടം തൊഴിലാളികളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും അടക്കം നിരവധിയാളുകളാണ് മണിക്ക് കണ്ണീരോടെ വിട നല്‍കിയത്.
തിങ്കളാഴ്ച്ച രാത്രിയായിരുന്നു കന്നിമല എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയും ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയ മണി കൊല്ലപ്പെടുകയും ചെയ്തത്. മണിയുടെ മരണം മൂന്നാറിനെ ആകെ കണ്ണീരിലാഴ്ത്തി. തങ്ങളുടെ ഏതൊരു ആവശ്യത്തിനും ഓടിയെത്തുന്ന പ്രിയപ്പെട്ടവനെയാണ് നഷ്ടമായതെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു.

കാട്ടാനകള്‍ കൂട്ടത്തോടെ എത്തി തമ്പടിക്കുന്ന കന്നിമലയിലെത്തോട്ടം തൊഴിലാളികളുടെ ഭീതി മണിയുടെ മരണത്തോടെ ഇരട്ടിച്ചിരിക്കുകയാണ്. വനം വകുപ്പ് ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയും ഇവര്‍ ആവര്‍ത്തിക്കുന്നു. ആയിരിക്കണക്കിന് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എസ്റ്റേറ്റ് മേഖലകളില്‍ ഇവരുടെ സുരക്ഷക്കായി മുള്ളുവേലി പോലും വനം വകുപ്പ് തീര്‍ത്തിട്ടില്ല.
ഇത്തവണ ഉയര്‍ന്ന് വന്ന പ്രതിഷേധത്തിനെ തുടര്‍ന്ന് വനം വകുപ്പും ജനപ്രതിനിധികളും നല്‍കിയ ഉറപ്പ് പാലിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ ആനപ്പേടിയില്‍ ഉറങ്ങാന്‍ കഴിയാതെയുള്ള ഇവരുടെ ജീവിതം തുടരുകയാണ്.