Education and careerKeralaLatest News

വീണ്ടും ഭാരതാംബ ചിത്രം; ‘നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസുണ്ട്’; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി

ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടിയും. സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയാണ് മന്ത്രി ബഹിഷ്കരിച്ചത്. പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണം ആയിരുന്നു ചടങ്ങ്.

എന്റെ രാജ്യം ഇന്ത്യ ആണ്. ഭരണഘടന ആണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളിൽ അല്ലെന്ന് പറഞ്ഞ് മന്ത്രി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സർക്കാർ ഔദ്യോഗിക പരിപാടിയിൽ ഭാരതാംബചിത്രം എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഭാരതാംബ വിഷയത്തിൽ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. സർക്കാരിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസ്സുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

രാജഭവൻ തനി രാഷ്ട്രീയ കേന്ദ്രമാക്കുന്നുവെന്ന് മന്ത്രി വിമർശിച്ചു. ചെല്ലുമ്പോൾ ഭാരതാംബ ചിത്രം കണ്ടു. ഗവർണർ അതിൽ പൂവിട്ട് പൂജിക്കുകയും ചെയ്തു. കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം പരിപാടി ബഹിഷ്കരിച്ചുവെന്ന് മന്ത്രി അറിയിച്ചു. രാജ് ഭവനെ രാഷ്ട്രീയവൽക്കരിച്ച് ആർഎസ്എസിന്റെ കേന്ദ്രമാക്കാൻ അനുവദിക്കില്ല. വേണമെങ്കിൽ തനിക്ക് കുട്ടികളുമായി അവിടെ നിന്നും ഇറങ്ങാമായിരുന്നു. നിഷ്കളങ്കരായ കുട്ടികളുടെ മുൻപിൽ വർഗീയത കുത്തി കേറ്റുകയാണ്. ഇങ്ങനെ ഒരു ഭാരതാംബയെ കുട്ടികൾ ആരും കണ്ടിട്ടില്ല. ഇനിയിപ്പോൾ പാഠപുസ്തകത്തിൽ ഒക്കെ ഇങ്ങനെ ആക്കുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്ന് മന്ത്രി രൂക്ഷമായി വിമർശിച്ചു. ഇങ്ങനെയാണെങ്കിൽ വിളിക്കുന്ന പരിപാടി എല്ലാം ഭാരതാംബയുടെ ചിത്രവുമായി ഗവർണർ എത്തുമോയെന്ന് മന്ത്രി ചോദിച്ചു. ഇതൊന്നും കേരളത്തിൽ നടപ്പാക്കാൻ പറ്റില്ല. ഗവർണറുടെ ഏറ്റവും വിലകുറഞ്ഞ നിലപാടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!