
അടിമാലി: മുനിയറയില്‍ ഏലത്തോട്ടത്തിനുള്ളിലെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മുനിയറ കറുത്തേടത്ത് ബിജുവിന്റെ ഏലത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ അതിക്രമം നടത്തിയത്. കഴിഞ്ഞ 8 വര്‍ഷമായി ബിജു പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്തു വന്നിരുന്ന തോട്ടത്തിലെ വീട്ടിനുള്ളിലാണ് അതിക്രമം നടന്നത്. ചൊവ്വാഴ്ച്ച തോട്ടത്തിലെ പണികള്‍ക്ക് ശേഷം വൈകിട്ട് തിരികെ പോയ ബിജുവും മറ്റു ജോലിക്കാരും ബുധനാഴ്ച്ച രാവിലെ എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് അകത്ത് പരിശോധന നടത്തിയപ്പോഴാണ് ഏലത്തിന് മരുന്നടിക്കുന്നതിനായി വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മോട്ടറിന്റെ ബെല്‍റ്റും, വാല്‍വും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തകര്‍ത്തതായും, പെട്രോള്‍ ടാങ്കിലേക്ക് ഉപ്പ് പോലുള്ള വസ്തുക്കള്‍ വാരി നിറച്ചതായും കണ്ടെത്തി. കൂടാതെ വീടിന്റെ രണ്ടു ജനാലകളും തകര്‍ത്തു. വീടിനുള്ളിലെ വൈദ്യുതി ബോര്‍ഡുകളും മെയിന്‍സ്വിച്ചും ഉള്‍പ്പെടെയുള്ളവയും തകര്‍ത്ത നിലയിലാണ്.
ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയതായി ബിജു പറഞ്ഞു. 9 വര്‍ഷത്തേക്ക് ഏറ്റെടുത്ത പാട്ട കാലാവധി അടുത്തവര്‍ഷം അവസാനിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം അതിക്രമം ഉണ്ടായത്. അന്‍പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും അതിക്രമം നടത്തിയവരെ കണ്ടെത്തണമെന്നും ബിജു ആവശ്യപ്പെട്ടു.