
അടിമാലി: വെള്ളത്തൂവല്‍ കൃഷിഭവന്റെയും വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഓണത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും പച്ചക്കറി കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടത്തുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചത്. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷിബി എല്‍ദോസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം കെ ബി ജോണ്സന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.അടിമാലി കൃഷിഭവന് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മത്തായി കര്‍ഷകര്‍ക്കായി ക്ലാസ് നയിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര് ജയന്, വെള്ളത്തൂവല്‍ കൃഷിഭവന് കൃഷി ഓഫീസര്‍ പ്രിയ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. വിവിധയിനം പച്ചക്കറിത്തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.ജൈവ ജീവാണു കീടനാശിനികളും പരിപാടിയില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കി.