പഴയ മൂന്നാറില്‍ പുലിയുടെ സാന്നിധ്യം; കാല്‍പ്പാടുകള്‍ കണ്ടെത്തി ;ഭീതിയോടെ തോട്ടം തൊഴിലാളികള്‍

മൂന്നാര്‍: പഴയ മൂന്നാറില്‍ പുലിയുടെ സാന്നിധ്യം. പഴയ മൂന്നാര്‍ കെ ഡി എച്ച് പി ബംഗ്ലാവിന് സമീപമാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. തുടര്‍ച്ചയായ രണ്ട് ദിവസവും പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ വനം വകുപ്പ് പുലിക്കായി തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് നിന്ന് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി മൂന്നാര്‍ റെയിഞ്ചോഫീസര്‍ എസ് ബിജു പറഞ്ഞു.
കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ വനം വകുപ്പ് വിശദമായ തിരച്ചില്‍ നടത്തി. പെട്ടിമുടി ആര്‍ ആര്‍ ടി, മൂന്നാര്‍ ആര്‍ ആര്‍ ടി മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയുമായിരുന്നു തിരച്ചില്‍. പുലിയുടെ കാല്‍പ്പാടുകള്‍ പ്രദേശത്ത് കണ്ടെത്തിയെങ്കിലും പുലിയ കണ്ടെത്താനായിട്ടില്ല. വനം വകുപ്പ് എത്തി ഫോട്ടോ എടുത്ത് മടങ്ങുന്നതല്ലാതെ പുലിയെ പിടികൂടാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
രാത്രികാലത്ത് പോലും ജോലിക്ക് പോകുന്നവര്‍ പഴയ മൂന്നാറിലുണ്ടെന്നും വലിയ ഭീതിയോടെയാണ് കഴിഞ്ഞ് കൂടുന്നതെന്നും തോട്ടം തൊഴിലാളികള്‍ പറയുന്നു.അതേ സമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍ ആര്‍ ടി സംഘം പ്രദേശത്ത് നിരീക്ഷണം തുടരുമെന്നും മൂന്നാര്‍ റെയിഞ്ചോഫീസര്‍ എസ് ബിജു പറഞ്ഞു.
കൊച്ചുകുട്ടികളടക്കമുള്ള പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ വലിയ ഭീതിയിലാണ് തൊഴിലാളി കുടുംബങ്ങള്‍. പുലിയെ കൂട് വച്ച് പിടികൂടുന്നതിന് വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.