
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം. പഞ്ചായത്തിലെ ആനക്കുളം, തൊണ്ണൂറ്റാറ്, ശേവല്‍കുടി മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കാട്ടാനശല്യത്താല്‍ പൊറുതിമുട്ടുകയാണ്. സ്ഥിരമായി ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി നാശം വരുത്തുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിവിളകളാണ് വിവിധയിടങ്ങളിലായി കാട്ടാനകള്‍ നശിപ്പിച്ചിട്ടുള്ളത്. ഏലവും വാഴയും മറ്റ് തന്നാണ്ട് വിളകളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ ഒരോ കര്‍ഷകനും ഉണ്ടാകുന്നത് വലിയ നഷ്ടമാണ്..
രാത്രിയാകുന്നതോടെ വീടുകള്‍ക്കരികിലൂടെയും മറ്റും കാട്ടാനകള്‍ സ്വരൈ്യവിഹാരം നടത്തുന്ന സ്ഥിതിയുണ്ട്. ഭയപ്പാടോടെയാണ് ആളുകള്‍ വീടുകളില്‍ കഴിഞ്ഞ കൂടുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ വാഴപോലുള്ള തന്നാണ്ട് വിളകള്‍ കൃഷിയിറക്കുന്നതില്‍ നിന്നും കര്‍ഷകര്‍ പിന്നോക്കം പോയിട്ടുണ്ട്. കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതില്‍ വനംവകുപ്പ് വേഗത കൈവരിക്കണമെന്നാണ് ആവശ്യം. കാട്ടാനകള്‍ വരുത്തിയിട്ടുള്ള കൃഷിനാശങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്. കാട്ടാന ശല്യം രൂക്ഷമായതോടെ വനാതിര്‍ത്തിയോട് ചേര്‍ന്നയിടങ്ങളില്‍ ആളുകള്‍ പകല്‍ സമയത്ത് പോലും കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതില്‍ ഭയപ്പെടുന്ന സ്ഥിതിയുമുണ്ട്.