മൂന്നാര്‍, ദേവികുളം മേഖലകളില്‍ തെളിയാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുന്നു

മൂന്നാര്‍: മൂന്നാര്‍, ദേവികുളം മേഖലകളില്‍ തെളിയാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴും കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന കാര്യത്തില്‍ പോലീസിന് ഇനിയും തുമ്പൊന്നും ലഭിച്ചിട്ടില്ല. ഈ കേസുള്‍പ്പെടെ മൂന്നാര്‍, ദേവികുളം മേഖലകളില്‍ തെളിയാത്ത കേസുകളുടെ എണ്ണം വര്‍ധിച്ച് വരികയാണ്.
കല്ലാര്‍ എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനില്‍ ഗീത 2011ലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ 14 വര്‍ഷം പിന്നിട്ടിട്ടും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 2019 സെപ്തംബര്‍ 9നാണ് ഗുണ്ടുമല അപ്പര്‍ ഡിവിഷനില്‍ വീടിനുള്ളില്‍ 8 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി പീഡനത്തിനിരയായിരുന്നതായി പിന്നീട് തെളിഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസില്‍ പ്രതിയെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
കടലാര്‍ എസ്റ്റേറ്റില്‍ ഈസ്റ്റ് ഡിവിഷനില്‍ എസ് ധനശേഖറിനെ 2021 ഏപ്രില്‍ 30ന് രാവിലെ കാണാതായി. പോലീസ് അന്വേഷണം നടത്തിയെങ്കിലും നാല് വര്‍ഷമായി ഇയാളെ സംബന്ധിച്ച് യാതൊരു വിവരവുമില്ല. ഇത്തരത്തില്‍ തുമ്പുണ്ടാകാത്ത പ്രതികളാരെന്നറിയാത്ത കേസുകള്‍ വര്‍ധിച്ച് വരുന്നത് തോട്ടം മേഖലയില്‍ ആശങ്കക്കും ഇടവരുത്തുന്നുണ്ട്. ചില അന്വേഷണ ഉദ്യോഗസ്ഥരുടെ അലംഭാവവും തെളിവുകള്‍ ശേഖരിക്കുന്നതിലെ പിഴവും കാലതാമസവും കേസുകള്‍ തെളിയാതെ പോകുന്നതിന് ഇടയാക്കുന്നതായും ആക്ഷേപമുണ്ട്.