നവജാതശിശുവിന്റെ മരണം: അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്.

അടിമാലി : അടിമാലി താലൂക്കാശുപത്രിയിലെത്തിയ ഗർഭിണിക്കു മതിയായ ചികിത്സ ലഭിക്കാതെ വന്നതിനെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കുറത്തിക്കുടി കാട്ടുകുടിയിൽനിന്നുള്ള ആശ ഷിബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് താലൂക്കാശുപത്രിയിലെ ഡോക്ടർക്കെതിരെ അടിമാലി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 14ന് ആണ് 40 കിലോമീറ്റർ ദൂരെനിന്നു യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ പ്രസവസമയം ആയിട്ടില്ലെന്നറിയിച്ച് തിരിച്ചയയ്ക്കുകയായിരുന്നെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു.
രാത്രി വീണ്ടും പ്രസവവേദന ആരംഭിച്ചതോടെ വീണ്ടും താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തി. ഈ സമയം ഡോക്ടർ ഉണ്ടായിരുന്നില്ല. തുടർന്ന് നഴ്സുമാർ ഡോക്ടറുമായി ഫോണിൽ സംസാരിച്ചു. ശസ്ത്രക്രിയ നടത്താൻ അനസ്തെറ്റിസ്റ്റ് ഇല്ലെന്ന കാരണം പറഞ്ഞ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാൻ ആവശ്യപ്പെട്ടു. തുടർന്നു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ശിശു അധികം വൈകാതെ മരിച്ചു.