കുവൈത്തിൽ വീട്ടുജോലിക്കു പോയി ഏജൻസിയുടെ തടവിലായ ഇടുക്കി ബാലൻപിള്ള സിറ്റി സ്വദേശിനി ജാസ്മിൻ നാട്ടിൽ തിരിച്ചെത്തി. തുണയായത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ

ഇടുക്കി :കുവൈത്തിൽ വീട്ടുജോലിക്കുപോയി ഏജൻസിയുടെ തടവിലായ ഇടുക്കി ബാലൻപിള്ള സിറ്റി സ്വദേശി വി.എം. ജാസ്മിൻ നാട്ടിൽ തിരിച്ചെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലാണ് ജാസ്മിന് തുണയായത്. ഭർത്താവ് മരിച്ചതോടെ ബാധ്യതയായ 12 ലക്ഷം രൂപയുടെ കടം വീട്ടാനാണ് നാലുമാസം മുൻപ് ജാസ്മിൻ കണ്ണൂർ സ്വദേശിയായ ഏജന്‍റ് വഴി കുവൈത്തിലെത്തിയത്. ജോലിക്ക് നിന്ന വീട്ടിലെ പീഡനങ്ങൾ സഹിക്കവയ്യാതെ ജോലിയിൽ നിന്ന് മാറണമെന്ന് പലതവണ അപേക്ഷിച്ചിട്ടും ജാസ്മിനെ ഏജൻസിക്കാർ കയ്യൊഴിഞ്ഞു. പിന്നീട് നിർബന്ധം പിടിച്ചതോടെ ജാസ്മിൻ ഏജൻസിയുടെ തടവിലായി. ആഹാരവും വെള്ളവുമില്ലാതെ 27 ദിവസം നേരിട്ടത് അതിക്രൂര പീഡനം.
കഴിഞ്ഞമാസം 15ന് നാട്ടിലുള്ള സുഹൃത്തായ ലിഷയോട് ജാസ്മിൻ ഫോണിലൂടെ ദുരിതം വിവരിച്ചു. ജാസ്മിനെ തിരികെ എത്തിക്കാൻ ലിസ പലതരത്തിൽ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിവരമറിയിച്ചത്. ഏജന്‍റിന്‍റെ തട്ടിപ്പിനിരയായി നിരവധിപേർ വിദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ജാസ്മിൻ പറയുന്നത്. കണ്ണൂരിലെ ഏജന്‍റിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജാസ്മിനും കുടുംബവും.