മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു.

മൂന്നാർ: മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു.
എഴുപത്തി മൂന്ന് വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രണ്ടുമണിക്ക് മൂന്നാറിൽ നടക്കും.
മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ് വിടവാങ്ങിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പളനിവേൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി,സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിൽ
പ്രവർത്തിച്ചുവരികയായിരുന്നു.സി പി ഐ സംസ്ഥാന കൗൺസിലംഗം, ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് അംഗം ,ദേവികുളം മണ്ഡലം സെക്രട്ടറി, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, മൂന്നാർ ഗ്രാമ പഞ്ചായത്തംഗം,
എ ഐ റ്റി യു സി സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിലും പി പളനിവേൽ പ്രവർത്തിച്ചിട്ടുണ്ട്.
വൃക്ക രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് നാല് മണിയോടെ മൂന്നാറിലെ വസതിയിൽ എത്തിക്കും. നാളെ രാവിലെ 9 മണി മുതൽ ഒരു മണി വരെ മൃതദേഹം മൂന്നാർ സിപിഐ ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഭാര്യ ജബഖനി. മക്കൾ: മുരുകനന്ദൻ, ജയലക്ഷ്മി, വി സോനന്ദിനി