
മറയൂർ: ഗോത്രവർഗമേഖലയിലെ നവജാത ശിശുമരണം കൂടുന്നത് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ മറയൂരിലെത്തി. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ ഡോ. ശരത് ജി. റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മറയൂരിലെത്തിയത്.
യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. സി. ജീൻ റോസ്, ഹെൽത്ത് ഇൻസ്പെക്ടർ, ആശാപ്രവർത്തകർ, അങ്കണവാടി വർക്കർമാർ, ആശുപത്രി ജീവനക്കാർ, ഉന്നതി നിവാസികൾ എന്നിവർ പങ്കെടുത്തു. 27-ന് തൊടുപുഴയിൽ നടക്കുന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കും.
2023ൽ ‘മറയൂരിൽ നവജാതശിശു മരണത്തേ കുറിച് ആരോപണം ഉയർന്നിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി മനുഷ്യാവകാശകമ്മിഷനിൽ പരാതി നൽകി. തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. രണ്ട് വർഷത്തിനിടയിൽ നവജാതശിശുമരണം സംഭവിച്ചിട്ടുണ്ടോ? എത്ര ശിശുക്കൾ മരിച്ചു? മരണകാരണം എന്ത്? നവജാതശിശു മരണം ഇല്ലാതാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം, കുട്ടികളെ പരിപാലിക്കുന്നതിനും മുലയൂട്ടുന്നതിനും അമ്മമാർക്ക് പോഷകാഹാരം നൽകുന്ന പദ്ധതി നിലവിലുണ്ടോ? ഉണ്ടെങ്കിൽ പദ്ധതിപ്രകാരം പോഷകാഹാരം നൽകുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്