KeralaLatest News

സ്കൂളിലെ സൈക്കിൾ ഷെഡും വൈദ്യുതി ലൈനും തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ല; തേവലക്കര അപകടത്തിൽ വീഴ്ച സമ്മതിച്ച് KSEB

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച കെഎസ്ഇബി. എട്ടാംക്ലാസ് വിദ്യാർഥി മിഥുന്റെ ജീവനെടുത്ത അപകടത്തിൽ സ്കൂൾ അധികൃതർക്കും കെഎസ്ഇബി ക്കും വീഴ്ച പറ്റി. സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി ലൈനിന് തറയിൽ നിന്നും, ഇരുമ്പ് വീട്ടിൽ നിന്നും ആവശ്യത്തിന് ഉണ്ടായിരുന്നില്ല. ലൈൻ മാറ്റാൻ രണ്ടുദിവസം മുൻപ് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നതായും വൈദ്യുതി മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പിൽ നിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാൽ ഉണ്ടായിരുന്നത് തറനിരപ്പിൽ നിന്ന് 4.28 മീറ്റർ അകലം മാത്രം. ഇരുമ്പ് ഷീറ്റിൽ നിന്ന് വേണ്ടത് 2.5 മീറ്റർ ഉയരം. പക്ഷേ ഉണ്ടായിരുന്നത് 0.88 മീറ്റർ. ലൈൻ കേബിൾ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച് നൽകാൻ കെഎസ്ഇബി സ്കൂൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. കെഎസ്ഇബിയുടെയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെയും റിപ്പോർട്ടുകളാണ് മന്ത്രിയ്ക്ക് സമർപ്പിച്ചത്. ചീഫ് സേഫ്റ്റി കമ്മീഷണറുടെ അന്വേഷണത്തിനുശേഷം വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

ലൈനിന് അടിയിൽ നിർമ്മാണ പ്രവർത്തി നടത്തുന്നതിൽ സ്കൂളിന് വീഴ്ച വരുത്തി. ഷെഡ് നിർമ്മിക്കാൻ അനുമതി വാങ്ങിയിട്ടുണ്ടോ സംശയമാണെന്നും കെഎസ്ഇബി റിപ്പോർട്ടിൽ പറയുന്നു. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന സ്കൂളിന്റെ എട്ട് വർഷം മുമ്പുള്ള ചിത്രത്തിലും വൈദ്യുതിലൈൻ താഴ്ന്നുപോകുന്നത് കാണാം. എന്നിട്ടും മാനേജ്മെന്റ് നടപടിയെടുത്തില്ല. CPIM നിയന്ത്രണത്തിലുള്ള ജനകീയസമിതിയ്ക്കാണ് സ്കൂളിന്റെ നടത്തിപ്പ് ചുമതല.

ഇന്ന് രാവിലെയാണ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!