KeralaLatest News

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചു; രാജി വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് രാജി. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായി ഫോണില്‍ സംസാരിച്ചയാളാണ് ജലീല്‍.

മാസങ്ങള്‍ക്ക് മുന്‍പുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമതാകും എന്നുമാണ് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പറഞ്ഞത്. കുറെ പ്രവര്‍ത്തകര്‍ ബിജെപിയിലേക്കും മുസ്ലിം വിഭാഗം സിപിഐഎമ്മിലേക്കും പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കണമെന്ന ഉദ്ദേശമായിരുന്നു സംഭാഷണത്തിന് പിന്നിലെന്ന ന്യായീകരണവുമായി പാലോട് രവി രംഗത്തെത്തി.

വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!