സംഭരണ ശേഷി 2403 അടി, 2372.5 അടി ആയതോടെ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്; ജാഗ്രത തുടരണം, മഴ കുറയുമെന്ന് പ്രവചനം

ഇടുക്കി: കനത്ത മഴ തുടരമ്പോൾ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.5 അടി ആയതോടെ ആണ് നീല അലർട്ട് നൽകിയത്. 2403 അടി ആണ് സംഭരണ ശേഷി. റൂൾ കർവ് പ്രകാരം 2379.5 അടി ആയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ ഈ സമയത്ത് ഉള്ളതിനേക്കാൾ ജലനിരപ്പ് ഇപ്പോൾ ഡാമിലുണ്ട്. സംസ്ഥാനത്ത് വിവിധ ഡാമുകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബാണസുര സാഗർ (90.37%)
ഷോളയാർ (98.1%)
മാട്ടുപെട്ടി (93.4%)
പൊന്മുടി (93.3%)
കുട്ട്യാടി ( 98.7%)
പോരിങ്ങൽ കൂത്ത് (73.7%)
കല്ലാർകുട്ടി ( 95.2%)
ലോവർ പെരിയാർ (97. 2%)
മൂഴിയാർ (90.3%)
മുൻ ദിവസങ്ങളെ അപേക്ഷിച്ചു മഴയുടെ തീവ്രത പൊതുവെ ഇന്ന് കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. എങ്കിലും മഴ സാധ്യത നിലനിൽക്കുകയാണ്. വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.